മകളുടെയും മരുമകളുടെയും സ്വര്‍ണ്ണം പണയം വച്ച് പണം തട്ടി: സൈനികനായ മകന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

ഇടുക്കിയില്‍ മകളുടെയും മരുമകളുടെയും സ്വര്‍ണ്ണം പണയം വച്ച് പണം തട്ടിയെന്ന സൈനികനായ മകന്റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചന്‍കാനം സ്വദേശിയായ ബിന്‍സി ജോസ് ആണ് അറസ്റ്റിലായത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബിന്‍സിയുടെ മകന്‍ അഭിജിത്ത് ആസാം റൈഫിള്‍സില്‍ സൈനികനാണ്. ബിന്‍സിയ്ക്കും ഭര്‍ത്താവിനുമൊപ്പം ഒരു വീട്ടിലാണ് അഭിജിത്തിന്റെ ഭാര്യയും കഴിഞ്ഞിരുന്നത്. അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണം ബിന്‍സി പല തവണയായി പണയം വച്ചു. ഇതോടൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവരുടെ മകളുടെ പത്ത് പവന്‍ സ്വര്‍ണവും പണയം വച്ചു. ഇങ്ങനെ കിട്ടിയ 12 ലക്ഷത്തോളം രൂപ എന്ത് ചെയ്തെന്ന ചോദ്യത്തിന് ബിന്‍സി മറുപടി നല്‍കിയില്ല.
ഇന്നലെ സ്വര്‍ണം കാണാതായതോടെ അഭിജിത്തിന്റെ ഭാര്യ ബിന്‍സിയോട് ചോദിച്ചിരുന്നു. ഭര്‍ത്താവ് ഉള്‍പ്പെടെ പലതവണ ചോദിച്ചപ്പോഴാണ് സ്വര്‍ണം പണയം വച്ചവിവരം ഇവര്‍ തുറന്നുപറയുന്നത്. തുടര്‍ന്ന് അഭിജിത്ത് പൊലീസില്‍ പരാതി നല്‍കി. ഇതോടെ ബിന്‍സി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് പത്ത് ദിവസത്തെ സമയവും അനുവദിച്ചു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ഇന്നലെ വണ്ടിപ്പെരിയാറിന് സമീപത്തുവച്ച് എസ്എച്ച്ഒയും സംഘവും ഇവരെ പിടികൂടിയത്.
ബിന്‍സി ഒരു മന്ത്രവാദിയെ കണ്ട് മടങ്ങും വഴിയാണ് പൊലീസ് പിടികൂടിയത്. ചോദ്യംചെയ്തുവെങ്കിലും ഇവര്‍ പണം എന്തിനാണ് ഉപയോഗിച്ചതെന്ന കാര്യം തുറന്നുപറയാന്‍ തയ്യാറായില്ല. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍, ബിന്‍സിയുടെ ഭര്‍ത്താവും മകനും ഇത് നിഷേധിക്കുന്നുണ്ട്. സമീപത്തുള്ള സ്വയം സഹായ സംഘങ്ങളില്‍ നിന്നും ഇവര്‍ എട്ട് ലക്ഷം രൂപയോളം ലോണ്‍ എടുത്തിട്ടുമുണ്ട്. ഇതും മകന്റെ അറിവോടെ വീടിനുവേണ്ടി ചെലവഴിച്ചു എന്നാണ് പറയുന്നത്.
പണം ആഭിചാര കര്‍മങ്ങള്‍ക്ക് വേണ്ടി ബിന്‍സി ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വീട്ടില്‍ നിന്നും ലഭിച്ചിട്ടുമുണ്ട്. തകിടുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അഭിജിത്ത് പൊലീസിനെ ഏല്‍പ്പിച്ചു. ബിന്‍സിയെയും അംബികയെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























