എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം ഗേറ്റിന് പുറത്ത് പൊലീസ് സംരക്ഷണമുണ്ടാകും; ചില സ്കൂളുകളില്‍ അടിപിടിയും അനിഷ്ടസംഭവങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രാധാനാദ്ധ്യാപകര്ക്കും നിര്‍ദേശം

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം ഗേറ്റിന് പുറത്ത് പൊലീസ് സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ വേണ്ട ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. മാര്‍ച്ച് 26നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്നത്. തൃശൂര്‍ കോര്പറേഷന് പരിധിയില്‍വരുന്ന ചില സ്കൂളുകളില്‍ അടിപിടിയും അനിഷ്ടസംഭവങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രാധാനാദ്ധ്യാപകര്ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ പ്രശ്ന സാദ്ധ്യതയുള്ള അഞ്ച് സ്കൂളുകളെ പ്രത്യേകം നിരീക്ഷിക്കും. സ്കൂളിലെ ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുക, സ്കൂളിനുള്ളില്‍ പടക്കം പൊട്ടിക്കുക, അടിപിടിയുണ്ടാക്കുക, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സ്കൂള്‍ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് സംരക്ഷണമുണ്ടാവും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളിലെത്താന്‍ എല്ലാ സ്കൂളുകളിലെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍ ചെലവ് മുഴുവന്‍ രക്ഷിതാവില്‍ നിന്ന് ഈടാക്കിയതിനുശേഷം മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സ്ക്വാഡുകള്‍ ജില്ലയിലുടനീളം പരിശോധന നടത്തിവരികയാണ്. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 89 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 9,945 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
https://www.facebook.com/Malayalivartha
























