തലസ്ഥാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 17 മുതല്‍ 23 വരെ

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നില്‍ മേയ് 17 മുതല്‍ 23 വരെ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 17ന് വൈകിട്ട് 6 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും. ജില്ലയിലെ എം പിമാര്‍,എം എല്‍ എമാര്‍,ജനപ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 23ന് തിരുവനന്തപുരത്താണ് സമാപിക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍,വിപണന സ്റ്റാളുകള്‍,ഭക്ഷ്യമേള,പ്രശസ്ത കലാകാരന്മാര്‍ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലാണ് പവലിയന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ അമ്പത്തിനാലായിരം ചതുരശ്ര അടി പൂര്‍ണമായും ശീതികരിച്ച പവലിയനാണ്.
കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ ഇരുന്നൂറ്റി അമ്പത് സ്റ്റാളുകളാണുള്ളത്. ഇതില്‍ 161 സര്‍വീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമാണ്. വാണിജ്യ സ്റ്റാളുകളില്‍ വകുപ്പുകള്‍ക്ക് പുറമെ എം.എസ്.എം.ഇ.കള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. വനം വകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങള്‍,കരകൗശല വസ്തുക്കള്‍,കൈത്തറി വസ്ത്രങ്ങള്‍,വിവിധ ഭക്ഷ്യ വസ്തുക്കള്‍,കയര്‍ ഉത്പന്നങ്ങള്‍,തേന്‍,ആയുര്‍വേദ ഉത്പന്നങ്ങള്‍,വിവിധ തരം അച്ചാറുകള്‍,തേയില,സുഗന്ധവ്യഞ്ജനങ്ങള്‍,കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങി വിവിധതരം ഉല്പന്നങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അത്യുത്പാദന ശേഷിയുള്ള വൃക്ഷത്തൈകളും,വിത്തുകളും ചെടികളും,കാര്‍ഷികോപകരണങ്ങളും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ വിശാലമായ സൗകര്യമുണ്ട്.
പുതിയ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷ,ആധാര്‍ കാര്‍ഡിലെ പേര്,മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തല്‍,കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്ട്രേഷന്‍,റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍,എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കല്‍,പുതുക്കല്‍,ആരോഗ്യമേഖലയിലെ വിവിധ പരിശോധനകള്‍ തുടങ്ങിയവ മേളയിലെ സൗജന്യ സേവനങ്ങളാണ്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉള്‍പ്പെടുത്തിയ സ്റ്റാളുകള്‍ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്.
രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന തീം പവലിയനില്‍ കേരളത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിനോദസഞ്ചാരം,പൊതുമരാമത്ത്,കൃഷി,സ്പോര്‍ട്സ്,കിഫ്ബി,കേരള ഫിലിം കോര്‍പ്പറേഷന്റെ മിനിതിയേറ്റര്‍,സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മേളയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ബുക്കും ബാഗും വാങ്ങുന്നതിനായി സ്‌കൂള്‍ മാര്‍ക്കറ്റും മേളയിലുണ്ടാകും.
പുതിയ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സന്ദര്‍ശകരായ ജനങ്ങള്‍ക്ക് ആകര്‍ഷകമായ രീതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഐ ടി,കെ എസ് ഇ ബി,വാട്ടര്‍ അതോറിറ്റി,കെ ഫോണ്‍,കിഫ് ബി,പൊലീസ്,ഫയര്‍ഫോഴ്സ്,ഫോറസ്റ്റ്,ജയില്‍,ടൂറിസം,മറ്റ് വിവിധ വകുപ്പുകള്‍,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സ്റ്റാളുകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയുടെയും പ്രധാന നേട്ടങ്ങള്‍ കണ്ടെത്തി അത് ജനങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. നൂതന ആശയ ആവിഷ്‌കാര രീതികളും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലൈവ് ഡെമോണ്‍സ്ട്രേഷനും മേളയുടെ പ്രത്യേകതകളാണ്. ഇതുകൂടാതെ,പുസ്തകമേളയും ഉണ്ടാകും.
വിവിധയിനം വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളാണ് ഇത്തവണ ഭക്ഷ്യമേളയില്‍ എത്തിക്കുന്നത്. പ്രഭാത ഭക്ഷണം മുതല്‍ രാത്രി മേള അവസാനിക്കുന്നതു വരെ പൊതുജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അവസരം കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. വനസുന്ദരി ചിക്കന്‍,കപ്പയും മീന്‍കറിയും,പാല്‍ കപ്പയും ബീഫ് റോസ്റ്റും,കപ്പ ബിരിയാണി,പിടിയും കോഴിക്കറിയും,സുന്ദരി പുട്ട്,മത്തന്‍ പായസം,മുളയരി പായസം,ഊര് കാപ്പി,മലബാര്‍ വിഭവങ്ങള്‍ തുടങ്ങിയവ മേളയിലുണ്ടാകും.എന്റെ കേരളം പ്രദര്‍ശനത്തോടനുബന്ധിച്ച് മേയ് 17 മുതല്‍ 22 വരെ വിവിധ കലാപരിപാടികള്‍ നിശാഗന്ധിയില്‍ അരങ്ങേറും. മേയ് 17 ശനിയാഴ്ച 6 മണിക്ക് ട്രിവാന്‍ഡ്രം വോക്കല്‍സിന്റെ ഗാനമേള രവിശങ്കറും ശ്രീറാമും നയിക്കും.
രാത്രി 8 മണിക്ക് റെഡ് എഫ് എമ്മിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. മേയ് 18 ഞായറാഴ്ച 6 മണിക്ക് അഖിലാ ആനന്ദും സാംസണ്‍ ആന്റ് ടീം നയിക്കുന്ന ഗാനമേളയും അന്നേദിവസം 8 മണിക്ക് ഇഷാന്‍ ദേവ് ആന്റ് ടീമിന്റെ മ്യൂസിക്കല്‍ പരിപാടിയും അരങ്ങേറും. മേയ് 19 തിങ്കളാഴ്ച 6 മണിക്ക് ശൈലജ പി അംബു അവതരിപ്പിക്കുന്ന കലാപരിപാടികളും 8 മണിക്ക് പ്രശസ്ത നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി അവതിരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമും നടക്കും. മേയ് 20 ചൊവ്വാഴ്ച 6 മണിക്ക് ഡാന്‍സ് മെഗാഷോയും 8 മണിക്ക് അതുല്‍ നറുകര അവതരിപ്പിക്കുന്ന ഫോക് ഗ്രാഫര്‍ ഷോയും അരങ്ങേറും.
മേയ് 21 ബുധനാഴ്ച 6 മണിക്ക് ശ്രീലക്ഷ്മി തൃശ്ശൂര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമും 8 മണിക്ക് ജീവന്‍ ടി.വി. യുടെ നേതൃത്വത്തില്‍ മെഗാഷോയും നടക്കും. മേയ് 22 വ്യാഴാഴ്ച കൈരളി ടി. വി അവതരിപ്പിക്കുന്ന കലാസന്ധ്യക്ക് ഗയകന്‍ ബിജു നാരായണന്‍ നേതൃത്വം നല്‍കും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് ഇക്കൊല്ലവും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓണ്‍ലൈന്‍,റേഡിയോ വിഭാഗങ്ങള്‍ക്കും പുരസ്‌കാരം നല്‍കും. ഇതിന് പുറമെ പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ കനകക്കുന്നില്‍ മീഡിയ സെന്ററും സജ്ജീകരിച്ചതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha