കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ.സ്വപ്നയ്ക്ക് ജാമ്യം

കൊച്ചി കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ.സ്വപ്നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് നാടകീയമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സ്വദേശിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ റോഡില്‍ വച്ച് പിടിയിലാവുകയായിരുന്നു. വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പറിട്ടു നല്‍കാനുള്ള അപേക്ഷ ജനുവരിയില്‍ തന്നെ നല്‍കിയിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നല്‍കാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരന്‍ ഇത് വിജിലന്‍സിനെ അറിയിക്കുന്നതും. കൊച്ചി കോര്‍പറേഷനില്‍ വിജിലന്‍സ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ മുന്നിലുള്ളയാളായിരുന്നു സ്വപ്ന.
2019ലാണ് സ്വപ്ന തൃശൂര്‍ കോര്‍പറേഷനില്‍ ജോലിയില്‍ കയറിയത്. 2023ല്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലേക്ക് എത്തി. സ്വപ്നയും കുടുംബവും 2019 മുതല്‍ അറസ്റ്റിലാകുന്നതു വരെ സമ്പാദിച്ച സ്വത്തിന്റെ കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു. വൈറ്റില സോണല്‍ ഓഫീസില്‍ ഉള്‍പ്പെടെ അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിജിലന്‍സ് സ്വപ്നയില്‍ നിന്ന് തേടി. ബില്‍ഡിങ് പെര്‍മിറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് പുതുക്കലിന് ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങള്‍ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൈക്കൂലി എന്നതായിരുന്നു നടപ്പുരീതി എന്നാണ് പരാതികള്‍ ഉയര്‍ന്നത്.
https://www.facebook.com/Malayalivartha