ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു; ഇതിനിടയിൽ ചാണ്ടി ഉമ്മന്മാർ പകരുന്ന ആശ്വാസം ചെറുതല്ല; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് അഞ്ജു പാർവതി

നെറികെട്ട സിസ്റ്റത്തിന്റെ തലപ്പത്ത് ഇരിക്കുന്ന അധികാര ഹുങ്ക്, അവരുടെ അനാസ്ഥയുടെ ഇരയായ ബിന്ദുവിന്റെ കുടുംബത്തിന് ഇന്ന് ചാണ്ടി സാർ ഉണ്ടായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു അത് തന്നെയാണ് ചാണ്ടി ഉമ്മനും ചെയ്തത്. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
ഈ നാട്ടിലെ ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാൽ തുറക്കപ്പെടുന്ന ഒരു വാതിൽ. ഏത് പാവപ്പെട്ട മനുഷ്യനും ആർത്തനായി കരഞ്ഞാൽ ആ കണ്ണുനീർ ഒപ്പാൻ ഒരു തൂവാല. അതായിരുന്നു ജനഹൃദയങ്ങളിൽ ഇന്നും ജനനേതാവ് ആയി നില്ക്കുന്ന കുഞ്ഞൂഞ്ഞ്. ആ കുഞ്ഞൂഞ്ഞിന്റെ മകനും അങ്ങനെ ആവാനേ കഴിയൂ!! നെറികെട്ട സിസ്റ്റത്തിന്റെ തലപ്പത്ത് ഇരിക്കുന്ന അധികാര ഹുങ്ക്, അവരുടെ അനാസ്ഥയുടെ ഇരയായ ബിന്ദുവിന്റെ കുടുംബത്തിന് ഇന്ന് ചാണ്ടി സാർ ഉണ്ടായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു അത് തന്നെയാണ് ചാണ്ടി ഉമ്മനും ചെയ്തത്. ഒരു തൂക്കം അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള ഏറ്റക്കുറച്ചിൽ ഇല്ലാത്ത ജനസേവനം, ചേർത്തുപ്പിടിക്കൽ !! ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും
അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുമ്പോൾ തെളിഞ്ഞ പുഞ്ചിരിയോടെ, സഹാനുഭൂതി കിനിയുന്ന കണ്ണുകളോടെ നില്ക്കുന്ന ചാണ്ടി ഉമ്മന്മാർ പകരുന്ന ആശ്വാസം ചെറുതല്ല. രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും കയ്യടിച്ചു പോകും ഇവരുടെ ഇടപെടലുകൾ കാണുമ്പോൾ.
ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നെന്ന വീമ്പ് പറച്ചിലുകൾ കൊണ്ട്, നുണക്കൊട്ടാരങ്ങൾക്ക് ഉള്ളിലെ അധികാര കസാലയിൽ അമർന്നിരുന്നത് കൊണ്ട് ഒക്കെ പരമാവധി നേടാവുന്നത് കുറേ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അടിമകണ്ണുകളെ മാത്രമാണ്. അല്ലാതെ ജനമനസ്സുകൾ അല്ല. അത് കൊണ്ടാണ് പങ്കായ പാത്തി കൊണ്ട് തല്ലാൻ ജനം പാഞ്ഞടുക്കുന്നത്.
ചാണ്ടി സാറിനും മകനും ഡബിൾ ചങ്കോ മുച്ചങ്കോ ഇല്ല. ആകെയുള്ള ഒറ്റ ചങ്കിൽ ഉള്ളത് മനുഷ്യത്വം. അത് കൊണ്ട് തന്നെ ആ അപ്പനും മകനും കറുത്ത നിറത്തെ പേടിയില്ലായിരുന്നു. റോഡിൽ ഇറങ്ങണമെങ്കിൽ മൂന്നാകിട ഗുണ്ടകളെ ഗൺമാന്മാരായി നിരത്തി നിറുത്തി പൊതു ജനത്തെ കാണുമ്പോൾ പേടിച്ച് തല താഴ്ത്തി ഇരിക്കേണ്ടി വന്നിട്ടില്ല. ഏത് ആൾക്കൂട്ടത്തിനിടയിലും അവർക്ക് ധൈര്യമായി ഇറങ്ങാം, പൊതുജനത്തിന്റെ വീട്ടിൽ ഏത് പ്രതിസന്ധിക്കിടെയിലും കയറി ചെല്ലാം. ജനങ്ങളുടെ വിശ്വാസം നേടി എടുക്കേണ്ടത് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞിട്ടോ സ്വന്തം ഭരണത്തിന്റെ പിഴവിന്, അത് വഴി ഉണ്ടായ വിപത്തിന് ഒക്കെ ന്യായീകരണം നടത്തിയിട്ടോ അല്ല.
സ്വന്തം സിസ്റ്റത്തിന്റെ പിഴവ് കൊണ്ട് ഒരു കുടുംബത്തിന്റെ നാഥയായ ഒരാൾക്ക് അത്യാഹിതം ഉണ്ടായപ്പോൾ അടിയന്തിര സഹായം നല്കാൻ പോലും കാലതാമസം. ഒന്ന് അവിടം വരെ ചെല്ലാൻ പോലും മനസ്സ് ഇല്ലാത്ത പ്രജാപതിയും സിൽബന്ധികളും. കുറ്റബോധം കൊണ്ട് ആ കുടുംബത്തിന്റെ മുഖം നോക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ബോധക്ഷയം.
മൊത്തം ഡ്രാമ. അവിടെയാണ് ഒരു യുവാവായ ജനനേതാവ് ആ കുടുംബത്തിന് താങ്ങും തണലുമായി നിന്നത്. ജനസേവകന്റെ കുപ്പായം ഇട്ടിട്ട് ഒരുപാട് നാൾ ആയിട്ടില്ല, പക്ഷേ ആശ്രയമറ്റ ഒരു കുടുംബത്തെ താങ്ങി നിറുത്താൻ നല്ല ഒരു ഹൃദയം മാത്രം മതി എന്ന് തെളിയിച്ചത്. അർഹരായവരിൽ സഹായങ്ങൾ എത്തിക്കുമ്പോഴാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുക എന്ന് മറ്റാരേക്കാളും ആ അപ്പന്റെ മകന് അറിയാം. ചാണ്ടി ഉമ്മൻ പ്രിയപ്പെട്ട ചാണ്ടി, നിങ്ങളെ പോലുള്ള ചിലർ ഉള്ളത് കൊണ്ടാണ് ജനസേവനത്തിന് ഇന്നും വിശുദ്ധി അല്പമെങ്കിലും ബാക്കിയാവുന്നത്. ഈ നെറികെട്ട കാലത്ത് അത് ഒരു പ്രതീക്ഷയാണ്, ഒപ്പം പ്രത്യാശയും
https://www.facebook.com/Malayalivartha