അമര കൃഷി ചെയ്യാം....

മഴയെന്നോ വെയിലെന്നോ നോക്കാതെ കൂഷി ചെയ്യാവുന്ന പച്ചക്കറിയാണ് അമര. ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് പച്ചിലയും ചാണകവും എല്ലു പൊടിയും ചേര്‍ത്ത് മേല്‍മണ്ണിട്ട് മൂടുക. ഏഴു ദിവസത്തിന് ശേഷം അവിടെ തടം തീര്‍ത്ത് അമര നടാവുന്നതാണ്. ജൂലൈ ആഗസ്ത് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍ നവംബര്‍ ആകുമ്പോഴേക്ക് പുഷ്പിക്കും.
ഓരോ കുഴിയിലും അഞ്ച് വിത്തെങ്കിലും വേണം പാകാന്‍. പ്രോ ട്രേയില്‍ മുളപ്പിച്ച് മാറ്റി നടുന്നതാണ് നല്ലത്. ഒരു തടത്തില്‍ കരുത്തുള്ള മൂന്ന് തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുമാറ്റുകയും വേണം. ഗ്രോ ബാഗിലാണെങ്കില്‍ കരുത്തുള്ള ഒരു തൈ നിര്‍ത്തിയാല്‍ ധാരാളം.
വള്ളി ഉയര്‍ന്ന് തുടങ്ങുമ്പോള്‍ താങ്ങും പിന്നെ പന്തലുമിട്ട് നല്‍കണം. വേലിയില്‍ പടര്‍ത്തിയും വളര്‍ത്താം. ചെടികള്‍ക്കു ചുറ്റും വെള്ളം പുറത്തേക്ക് ഒഴുകാതെ തടമെടുക്കണം.
രണ്ടുപിടി ചാണകവും ഒരു പിടിചാരവും 50 ഗ്രാം രാജ്ഫോസും യോജിപ്പിച്ചെടുത്താല്‍ അമരയ്ക്ക് ആവശ്യത്തിന് വളക്കൂട്ടായി. പൂക്കുന്ന സമയത്ത് പോട്ടാസ്യം അടങ്ങിയ വളങ്ങള്‍ നല്‍ക്കുക. ധാരാളം പൂവും കായും ഉണ്ടാവും.
നല്ലതു പോലെ പരിപാലിച്ചാല്‍ 60-75 ദിവസം കൊണ്ട് അമര വിളവ് തന്നുതുടങ്ങും. വെറും രണ്ടു മാസം കൊണ്ട് തോരന്‍ റെഡിയാക്കാം. ഒരു തടമുണ്ടെങ്കില്‍ വീട്ടാവാശ്യത്തിന് ദിവസവും ധാരാളം കായകള്‍ ലഭിക്കും.
വിളവെടുപ്പിന് ശേഷം വള്ളി തലപ്പുകള്‍ മുറിച്ച് കളഞ്ഞാല്‍ പുതിയ ചിനപ്പുകള്‍ വളരും. അവയിലും മൊട്ടുകള്‍ വിരിഞ്ഞ് പൂക്കള്‍ നിറഞ്ഞ് ധാരാളം കായകള്‍ ലഭിക്കും.അമരയുടെ അടുപ്പക്കാരായ കൊത്തമരയും ചതുരപ്പയറും ജൂലായ് ആഗസ്ത് മാസത്തിലാണ് കൃഷി ചെയ്യുക.
https://www.facebook.com/Malayalivartha