മെറിൻ ഒറ്റി; മണികണ്ഠനെ ബാംഗ്ലൂരുവിൽ ഓടിച്ചിട്ട് മ്യൂസിയം പോലീസ്, കവടിയാറിലെ വീട് തട്ടിപ്പിൽ നിർണായക നടപടി

പ്രവാസിയുടെ വീട് രണ്ട് യുവതികൾ ചേർന്ന് തട്ടിയെടുത്തു. രണ്ടാഴ്ചയ്ക്ക് മുമ്പ് പുറത്ത് വന്ന റിപ്പോർട്ട് ഇങ്ങനെയായിരുന്നു. പക്ഷേ അന്ന് മുതൽ കവടിയാറിലെ ജവഹർ നഗർ അസോസിയേഷനിലെ അംഗങ്ങൾക്കും പോലീസുമുണ്ടായിരുന്ന സംശയം. എങ്ങനെ യാതൊരു പിടിപാടും രാഷ്ട്രീ സ്വീധീനവും ഇല്ലാത്ത രണ്ട് സ്ത്രീകൾക്ക് ഇത്ര വലിയ തിരിമറി ചെയ്യാൻ സാധിക്കുമെന്ന്!
ഇപ്പോൾ അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ ആയിരുന്നു ഇതിന്റെ പിറകിലെന്നാണ് വിവരം. മണികണ്ഠനെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്. അനന്തപുരി മണികണ്ഠനെ കേസിൽ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ വെച്ചാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകൾ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വെണ്ടറും കോൺഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിൻറെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിൻറെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആൾമാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫീസിലെത്തിച്ചു. ക്യാൻസർ രോഗിയാണ് വസന്ത.
ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരിൽ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിൻറെയെല്ലാം ചുക്കാൻ പിടിച്ചത് മണികണ്ഠനാണെന്നും ആൾമാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളർത്തുമകളായ ആൾമാറാട്ടം നടത്തിയ മെറിൻ ഒരു എൻ.ജി.ഒ നടത്തുന്നുണ്ട്.
ഇതിൻറെ രജിസ്ട്രേഷന് സഹായം നൽകിയത് മണികണ്ഠനാണ്. ഈ പരിചയം ഉപയോഗിച്ചാണ് ആൾമാറാട്ടത്തിന് കൂട്ടുനിന്നതെന്നാണ് പൊലീസ് സംശയം. മെറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. രജിസ്ട്രേഷൻ-റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. രജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാം വ്യാജമായിരുന്നു. ഇതിലുണ്ടായിരുന്ന ഒരു ഫോൺ നമ്പറാണ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിന് പിടിവള്ളിയായത്
https://www.facebook.com/Malayalivartha