വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 770.76 കോടിയെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസം പൂര്‍ത്തികരിക്കാന്‍ ഒറ്റക്കെട്ടായി വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 770.76 കോടി രൂപയാണെന്നും, ഇതുവരെ ചെലവിട്ടത് 91.73 കോടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള പിണറായി വിജയന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വര്‍ഷം തികയുകയാണ്. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ ഓര്‍മ്മകള്‍ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളില്‍ ഒന്നാണ് ഇന്ന് മുണ്ടക്കൈചൂരല്‍മല.
ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്കു സാധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങളും കൈകോര്‍ത്തു നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയായിരുന്നു.
ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട ദുരന്ത ഭൂമിയിലെ എല്ലാ മനുഷ്യരേയും ചേര്‍ത്തുപിടിച്ച സര്‍ക്കാര്‍ ഒട്ടും സമയം നഷ്ടപ്പെടാതെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളില്‍ മാനസിക പിന്തുണ ഉറപ്പു വരുത്താനുള്‍പ്പെടെയുള്ള എല്ലാ ആവശ്യ സൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളില്‍ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടു. അദ്ധ്യാപകരുടെ സഹായത്തോടെ ക്യാമ്പുകളില്‍ തന്നെ അവര്‍ക്ക് തുടര്‍ പഠനത്തിനുള്ള വഴിയൊരുക്കി.
പഴുതുകള്‍ അടച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ക്യാബിനറ്റ് സബ് കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഓരോ കാര്യത്തിലും സര്‍ക്കാരിന്റെ നിതാന്ത ശ്രദ്ധ ഉറപ്പാക്കി. ദുരന്തമുണ്ടായി ഒരു മാസത്തിനകം താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തീകരിക്കും എന്ന പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ച സര്‍ക്കാര്‍ ഓഗസ്റ്റ് 24നകം ദുരിതാശ്വാസ ക്യാമ്പിലെ മുഴുവന്‍ ആളുകളെയും മറ്റു പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്കുള്ള 6000 രൂപ വാടക ഈ മാസം വരെയും നല്‍കി. ഇത് പുനരധിവാസം പൂര്‍ത്തിയാകും വരെ തുടരുകയും ചെയ്യും.
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, അവരവരുടെ താല്‍പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും വാടകവീട് എന്ന് കണക്കുകൂട്ടി മാസം 6000 രൂപ വീതം ഈ ജൂലൈ മാസം വരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കി വരികയാണ്.
വീട്ടുവാടകയിനത്തില്‍ 2025 മെയ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആകെ 3,98,10,200 രൂപ ചെലവഴിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും അനുവദിച്ച തുകക്ക് പുറമെ 50,000 വീതവും 40 മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും 60 മുതല്‍ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും അനുവദിച്ചു.
ദുരന്തബാധിതരുടെ തുടര്‍ ചികിത്സയുടെ ചെലവും സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ കൗണ്‍സിലിംഗ് സംവിധാനവും ഒരുക്കി. വാര്‍ഷികത്തോട് അനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയും കണ്ട് കൗണ്‍സിലിംഗ് സേവനങ്ങള്‍ ആവശ്യമെങ്കില്‍ നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം 300 രൂപ വീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9000 രൂപ 6 മാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒന്‍പത് മാസത്തേക്കായി ദീര്‍ഘിപ്പിച്ചു. ഇതിനായി ആകെ 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്ക് ഉറപ്പാക്കി.
നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് മുതല്‍ പാസ്‌പോര്‍ട്ട് വരെയുള്ള മുഴുവന്‍ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങള്‍ ആദ്യ ദിനങ്ങളില്‍ തന്നെ നല്‍കാന്‍ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യകിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. ദുരന്തത്തില്‍ പെട്ടുപോയ വെള്ളാര്‍മല സ്‌കൂളിലേയും മുണ്ടക്കൈ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ വളരെ വേഗം തന്നെ സ്വീകരിക്കാന്‍ സാധിച്ചു. ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്)യുടെ സിഎസ്ആര്‍ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ നേതൃത്വം നല്‍കി രണ്ട് കോടി ഉപയോഗിച്ച് മേപ്പാടി സ്‌കൂളില്‍ സൗകര്യങ്ങള്‍ സജ്ജമായി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടില്‍ നാല് ക്ലാസ് മുറികളുള്ള പുതിയൊരു കെട്ടിടം കൂടി ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട 24 കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി വനിതാ ശിശു വികസന വകുപ്പ് യൂണിസെഫിന്റെ സഹായത്തോടെ മാതാപിതാക്കള്‍ രണ്ടുപേര്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 17 കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 വയസു മുതല്‍ 21 വയസുവരെ പ്രതിമാസം 4000 രൂപ വീതം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. വിവിധ സിഎസ്ആര്‍ ഫണ്ടുകളിലൂടെ മൂന്ന് ലക്ഷം രൂപ 24 കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു.
https://www.facebook.com/Malayalivartha