ജീവപര്യന്തത്തിന് ശിക്ഷിച്ച നിരപരാധികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കും

ഗുരുവായൂര്‍ തൊഴിയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളാക്കി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 1994ല്‍ ഡിസംബര്‍ നാലിനാണ് ഗുരുവായൂര്‍ ബി.ജെ.പി പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെട്ടത്.
ഹരിദാസ്, സി.പി.എം പ്രവര്‍ത്തകരായ ബിജി, റഫീഖ്, ബാബുരാജ് എന്നിവര്‍ക്കാണ് തുക ലഭിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ക്ഷയരോഗബാധിതനായ ഹരിദാസ് പത്തുവര്‍ഷം മുമ്പ് മരിച്ചു. അഞ്ചുലക്ഷം ഓരോരുത്തര്‍ക്കും നല്‍കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാനന്ദ് സിന്‍ഹയാണ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
വിചാരണക്കോടതിയാണ് ഇവരെ ജീവപര്യന്തം ശിക്ഷിച്ചത്. പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. ആറുമാസക്കാലം ജയിലില്‍ കിടന്നു. പുനഃരന്വേഷണം നടത്താന്‍ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവായെങ്കിലും നടപടികള്‍ ഉണ്ടായില്ല. 2016ല്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുനരന്വേഷണം തുടങ്ങിയത്.
ആറ് യഥാര്‍ത്ഥ പ്രതികളെ പൊലീസ് പിടികൂടി. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിക്കാരെ കേട്ട് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചത് അപൂര്‍വ സംഭവമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുമെന്ന് മുതുവട്ടൂര്‍ സ്വദേശികളായ മൂന്നുപേരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha