അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും എന്ന് അഭിഭാഷക അറിയിച്ചു. കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്.
ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹായത്തിനായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. ഇവിടെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റില്ലായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാന്‍ കന്യാസ്ത്രീകള്‍ എത്തുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് പ്രാദേശിക പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകള്‍ ആരോപിക്കുകയായിരുന്നു. ഇതോടെ റെയില്‍വേ സ്‌റ്റേഷനില്‍ വലിയ പ്രതിഷേധം ഉണ്ടായി. കന്യാസ്ത്രീകളോടൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് പോകുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. കൂടാതെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയല്‍ രേഖകളും പെണ്‍കുട്ടികള്‍ ആളുകളെ കാണിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ പൊലീസ് തടഞ്ഞു. മൂന്ന് മണിക്ക് ശേഷം അനുമതി ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതോടെ ദുര്‍ഗ് ജയിലിന് മുന്നില്‍ നേതാക്കള്‍ പൊലീസുമായി തര്‍ക്കം നടന്നു. എംപിമാര്‍ക്ക് എങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടു. നാളെ രാവിലെ ഒമ്പതുമണിക്കെത്താന്‍ നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha