ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ഉറങ്ങി: ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. രോഗി രക്തം വാര്‍ന്ന് മരിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ രോഗിയെ പരിചരിക്കാതെ ഉറങ്ങിയതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം. ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
രോഗി മരിച്ചതോടെ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ സുനില്‍ എന്ന യുവാവിനെ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. സുനില്‍ വേദനകൊണ്ട് നിലവിളിച്ച് രക്തത്തില്‍ കുളിച്ച് സ്ട്രക്ചറില്‍ കിടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരായ ഭൂപേഷ് കുമാര്‍ റായ്, അനികേത് എന്നിവര്‍ അപ്പുറത്ത് സുഖമായി ഉറങ്ങുകയായിരുന്നു എന്നാണ് സുനിലിന്റെ കുടുംബത്തിന്റെ ആരോപണം.
സംഭവത്തിന്റെ വീഡിയോയും ബന്ധുക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്. സംഭവങ്ങള്‍ നടക്കുമ്പോള്‍ ഡ്യൂട്ടി ഇന്‍ ചാര്‍ജായ സീനിയര്‍ ഡോക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എന്നാല്‍ പിന്നീട് ആശുപത്രിയിലെത്തിയെന്നും സുനിലിന് ചികിത്സ നല്‍കിയെന്നുമാണ് സീനിയര്‍ ഡോക്ടറും ഡ്യൂട്ടി ഓഫീസറുമായി ശശാങ്ക് ജിന്‍ഡാല്‍ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സുനില്‍ മരിച്ചു. ഇതോടെ, ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വരികയായിരുന്നു. എന്നാല്‍, രോഗിയുടെ നില നേരത്തെ തന്നെ ഗുരുതരമായിരുന്നു എന്നാണ് ഡോ. ജിന്‍ഡാലിന്റെ വാദം. ഏതായാലും, വീഡിയോയുടെ അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാരെ ഡ്യൂട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡോ. ജിന്‍ഡാല്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ്.
https://www.facebook.com/Malayalivartha