അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്;ഒക്ടോബറില്‍ വരുമോ എന്ന് അറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും

ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയുള്‍പ്പടെയുള്ള ടീം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കളി നടത്താനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു. ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപകൈമാറിയിരുന്നുവെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. ഒക്ടോബറില്‍ വരുമോ എന്ന് അറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും. പണം വാങ്ങിയശേഷം പിന്മാറിയാല്‍ അത് ചതിയാണെന്നും നിയമനടപടികള്‍ ആലോചിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മെസിയുള്‍പ്പടെയുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കളിക്കാമെന്ന് എഎഫ്എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല. എന്റെ സ്വന്തം പണമാണ്. രേഖകള്‍ പുറത്തുവിടരുതെന്ന് കരാറിലെ വ്യവസ്ഥയില്‍ ഉണ്ട്. അതുകൊണ്ടാണ് പണം കൈമാറിയ രേഖകള്‍ പുറത്തുവിടാനാവില്ല.
മുഴുവന്‍ പൈസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇമെയില്‍ മറുപടിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിന് ശേഷം അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ല. ഇക്കാര്യം എഎഫ്എയെ അറിയിച്ചിട്ടുണ്ട്. പിന്നീട് അവര്‍ മറുപടിയൊന്നും തന്നില്ല. അര്‍ജന്റീന ടീം വരില്ലെന്ന് അവര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കളി നടത്താനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha