ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആദ്യ തിരോധാനമാണ് ബിന്ദു പത്മനാഭന്റേത്

ചേര്‍ത്തലയില്‍ നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീണ്ടും മൊഴി നല്‍കി ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍. കാണാതായ സ്ത്രീകളില്‍ ഒരാളാണ് ബിന്ദു പത്മനാഭന്‍. ഇവര്‍ 2006ലാണ് കാണാതാകുന്നത്. സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആദ്യ തിരോധാനം എന്ന് പൊലീസ് കരുതുന്നത് ബിന്ദു പത്മനാഭന്റേതാണ്. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് പറഞ്ഞ് വിശദമായ പരാതിയാണ് ആദ്യം നല്‍കിയത്. എന്നാല്‍, ആദ്യ ഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായി. കാണാനില്ലെന്ന വെറുമൊരു പരാതിയല്ല നല്‍കിയത്. എന്നിട്ടും, എഫ്‌ഐആര്‍ ഇടാന്‍ പോലും കാലതാമസം നേരിട്ടതായി പ്രവീണ്‍ പറയുന്നു.
ബിന്ദുവിനെ കാണാനില്ലെന്ന് അറിയുന്നത് 2016ലാണ്. അച്ഛന്‍ വില്‍പ്പത്രം എഴുതിയ നല്‍കിയ ശേഷം ബിന്ദു കുടുംബത്തോട് അകന്നു. 1999ല്‍ ഇറ്റലിയില്‍ പോയ ശേഷം ബിന്ദുവിനെ കണ്ടിട്ടില്ല.130 പവന്‍ സ്വര്‍ണം ലോക്കറില്‍ ഉണ്ടായിരുന്നു, അതെവിടെ എന്നറിയില്ല. 5 സ്ഥലങ്ങളില്‍ ബിന്ദുവിന്റെ പേരില്‍ പുരയിടങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇപ്പോഴില്ല. സെബാസ്റ്റ്യനെ വീട്ടില്‍ പോയി നേരില്‍ കണ്ടിരുന്നു. അന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചേര്‍ത്തല ബ്രാഞ്ചില്‍ ബിന്ദുവിന്റെ പേരില്‍ 50 ലക്ഷം രൂപ ഉണ്ടെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം എടുത്ത് നല്‍കാമെന്ന് മാത്രമാണ് അന്ന് സെബാസ്റ്റ്യന്‍ പറഞ്ഞത്. ഒക്കെയും കള്ളമായിരുന്നു. സഹോദരിയുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്നും പ്രവീണ്‍ പറയുന്നു.
ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ഈയിടെ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ വകവരുത്തിയോ എന്നാണ് പൊലീസിന്റെ സംശയം. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍ ഉള്‍പ്പടെ 2012ല്‍ കാണാതായ ഐഷ, 2020ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ തുടങ്ങിയവരുടെ തിരോധാനവും സെബാസ്റ്റ്യനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha