ശ്വേതയ്ക്ക് എതിരെ വന്ന പരാതിയില്‍ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി

പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് ശ്വേതയ്ക്ക് എതിരെ വന്ന പരാതിയില്‍ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസില്‍ മജിസ്‌ട്രേറ്റ് തിടുക്കം കാട്ടിയെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് ഫയല്‍ ചെയ്ത എറണാകുളം സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിക്ക് കോടതി നോട്ടീസ് അയച്ചു.
കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതക്കെതിരെ കേസ് എടുത്തത്. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. പിന്നീട് പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസ് എടുക്കുകയുമായിരുന്നു.
ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
പരാതി വേണ്ടവിധം പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, കേസ് എടുക്കാന്‍ മതിയായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണിതെന്നും, അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പരാതിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്തത്.
https://www.facebook.com/Malayalivartha