അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി

ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം പി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളിക്കളഞ്ഞുകൊണ്ട് കോടതി നടത്തിയ പരാമർശം അത്യന്തം ഗൗരവമായ കാര്യമാണ്. വിജിലൻസ് കൃത്യമായ അന്വേഷണം നടത്തിയില്ല,തെളിവുകൾ കണക്കിലെടുത്തില്ല, ഇത്തരത്തിലുള്ള റിപ്പോർട്ട് അംഗീകരിക്കാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രീയ ഇടപെടലും അധികാര ദുരുപയോഗവുമാണ് സംഭവിച്ചു എന്നതാണ് കോടതിയുടെ നിരീക്ഷണം.
ആരോപണ വിധേയനായ മുഖ്യമന്ത്രി എത്രയും നേരത്തെ രാജിവെച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. പൂരം കലക്കൽ ഉൾപ്പെടെ വർഷങ്ങളായി അഴിമതി അരോപണമുള്ള ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയും ഓഫീസും സംരക്ഷിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിയിക്കപ്പെടണം. അതിനുള്ള അവസരമാണ് കോടതി പരാമർശത്തിലൂടെ ലഭിച്ചിരിക്കുന്നത്.
അന്തസ്സുള്ള ഒരു മുന്നണിയാണ് കേരളം ഭരിക്കുന്നത് എങ്കിൽ മുഖ്യമന്ത്രിയോട് രാജിവെക്കാനും നീതിപൂർവ്വമായ അന്വേക്ഷണം നേരിടാനും ആവശ്യപ്പെടണം. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയിലെ ഘടക കക്ഷികളുടെ അഭിപ്രായം അറിയാനും കേരളത്തിലെ നീതി ന്യായ വ്യവസ്ഥകൾ അട്ടിമറിക്കാൻ ഘടക കക്ഷികളും കൂട്ടുനിൽക്കുമോ എന്നറിയാനും താൽപര്യമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
https://www.facebook.com/Malayalivartha