അമീബിക് മസ്തിഷ്‌ക ജ്വരം: നാലാം ക്ലാസുകാരി ആനപ്പാറ പൊയില്‍ അനയ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി ആനപ്പാറ പൊയില്‍ അനയ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളില്‍ കുളിക്കരുതെന്നാണ് നിര്‍ദ്ദേശം. ജലാശയങ്ങളില്‍ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതിനാലാണ് നിയന്ത്രണം.
രണ്ടാഴ്ച മുമ്പ് അനയ നീന്തല്‍ പരിശീലനം നടത്തിയ വീടിന് സമീപത്തെ കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധയ്ക്ക് അയയ്ക്കും. അനയ കുളിച്ച കുളത്തില്‍ മുമ്പ് കുളിച്ച കുട്ടികളുടെ വിവരവും ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്.
താമരശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതോടെ മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
https://www.facebook.com/Malayalivartha