വി സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ദ്ധരുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ കൈമാറി

സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കെ.ടി.യു. ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ദ്ധരുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ കൈമാറി. നാലുപേരുടെ പട്ടികയാണ് സര്‍ക്കാര്‍ അഭിഭാഷകന് രാജ്ഭവന്‍ കൈമാറിയത്. പട്ടിക പരസ്പരം കൈമാറാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടുമാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. അതേസമയം സര്‍ക്കാര്‍ ഇതുവരെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. നാളെയാണ് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വി.സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി സുപ്രീംകോടതിയാണ് രൂപീകരിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും ശുപാര്‍ശ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ഓരോ സര്‍വകലാശാലയിലേക്കും അഞ്ചംഗ സമിതിയെ കോടതി നിയോഗിക്കും. ഇതിനായി നാലുപേരെ വീതം ചാന്‍സലറായ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ശുപാര്‍ശചെയ്യാന്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരുടെയും ലിസ്റ്റില്‍ നിന്ന് രണ്ടുപേരെ വീതം കോടതി ഓരോ സമിതിയിലേക്കും നിശ്ചയിക്കും. ഓരോ പ്രതിനിധിയെ വീതം യു.ജി.സിയും നിര്‍ദ്ദേശിക്കണം. ഇങ്ങനെ അഞ്ചുപേരാകും.
താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഗവര്‍ണര്‍ സമര്‍പ്പിച്ച ഹര്‍ജിയും, പുനര്‍നിയമന വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് പരിഗണനയ്ക്ക് വന്നതെങ്കിലും സ്ഥിരം വി.സിമാരുടെ നിയമനത്തിലേക്ക് കോടതി കടക്കുകയായിരുന്നു. ജൂലായ് 30ന് ഗവര്‍ണറുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍, സ്ഥിരം വി.സി നിയമനത്തിന് മുന്‍ഗണന നല്‍കാനും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha