അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന അസഫാക്ക് ആലത്തിന് സഹതടവുകാരനിൽ നിന്ന് തല്ലു കൊണ്ട് തലയ്ക്ക് പരിക്ക്; ജയിലിനുള്ളിലെ നീതി, കൈയ്യടിച്ചു സോഷ്യൽ മീഡിയ

വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.രണ്ട് പേര്‍ വീതം താമസിക്കുന്ന ഡി ബ്ലോക്കിലാണ് സംഭവം. അസ്ഫാഖുമാി തര്‍ക്കിച്ച രഹിലാല്‍ 'നീ കൊലപാതക കേസില്‍ പ്രതിയാണല്ലോ, നിനക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല്‌ല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ' എന്നും ചോദിച്ച് ആക്രമിക്കുകയായിരുന്നു.
അടിപിടിയില്‍ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചുകൊണ്ടുവന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു.
അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് തല്ലുകിട്ടിയെന്ന വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയിൽ കൈയ്യടി. കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയിലിനുള്ളിലെ നീതിയെന്നുമാണ് സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്.
ആലുവയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 100-ാം ദിവസത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരം വധശിക്ഷയും അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയുമാണ് ജഡ്ജി കെ സോമന്‍ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha