തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ 70 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ആണ് പത്രസമ്മേളനത്തില്‍ പട്ടിക പ്രഖ്യാപിച്ചത്. പാര്‍ട്ടി 140 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രണ്ടാം ഘട്ട പട്ടിക മമതയുടെ അംഗീകാരത്തിന് ശേഷം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മമത ബാനര്‍ജി കേരളത്തില്‍ മൂന്നു റാലികളില്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും റാലികള്‍. പാര്‍ട്ടിക്ക് കേരളത്തില്‍ രണ്ടു ലക്ഷം അണികള്‍ ഉണ്ടെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. 40 മണ്ഡലങ്ങളിലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി പ്രകടിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ കോണ്‍ഗ്രസും സിപിഎമ്മും മണ്ടന്‍മാരാക്കുന്നതെന്ന് തുറന്നു പറയുമെന്നും മമത വ്യക്തമാക്കി. ഒരിടത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടെങ്കില്‍ അത് രാജ്യത്ത് എല്ലായിടത്തുമുണ്ടാകുമെന്നും അവര്‍ ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha