കാല്‍നടക്കാരന്‍ കാറിടിച്ച് മരിച്ച സംഭവം... പാറശാല എസ്.എച്ച്.ഒ അനില്‍ കുമാറിന് ജാമ്യമില്ല

കിളിമാനൂരില്‍ കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിയായ പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം അഡീ. ജില്ലാ കോടതിയാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിരസിച്ചത്.
അനിലിനെ 16 ന് സസ്‌പെന്റ് ചെയ്തു. സംഭവശേഷം കാര്‍ നിറുത്താതെ അനില്‍കുമാര്‍ കടന്നുകളഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അനില്‍കുമാറിനെ തിരിച്ചറിഞ്ഞത്. ഡി.ഐ.ജി അജിത ബീഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐ.ജി എസ്.ശ്യാംസുന്ദറാണ് 16ന് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. സംഭവശേഷം ഡ്യൂട്ടിക്കെത്താത്ത അനില്‍കുമാര്‍ ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു.
കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) മരിച്ചത്. കഴിഞ്ഞ 7ന് പുലര്‍ച്ചെയായിരുന്നു സംഭവം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് വിലയിരുത്തിയാണ് സസ്‌പെന്‍ഷന്‍.
കാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കിയില്ല. ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ പോയതും അതീവ ഗൗരവമുള്ള കുറ്റമാണ്. അനില്‍കുമാറിന്റെ പ്രവൃത്തി സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നതാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയി തിരികെ പാറശാല സ്റ്റേഷനിലേക്ക് മടങ്ങവേയായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.പ്രദീപിനെ ചുമതലപ്പെടുത്തി.
"
https://www.facebook.com/Malayalivartha
























