ഓപ്പറേഷന്‍ നുംഖോറില്‍ കുടുങ്ങി ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍

കസ്റ്റംസ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കാറുകള്‍ കൂടാതെ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ദുല്‍ഖറിന് സമന്‍സും നല്‍കിയിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസില്‍ എത്തിക്കും. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിലാണ് പരിശോധന നടത്തിയത്. പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ വൈകിട്ട് മാദ്ധ്യമങ്ങളെ കാണും.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍പ്പെടുന്നതുമായ 150ഓളം വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതില്‍ 20ഓളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങളാണ് കടത്തിയത്. വാഹനങ്ങള്‍ കടത്തിക്കൊണ്ടുവരാനും രജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഭൂട്ടാന്‍ വാഹനം വാങ്ങിയവരില്‍ ചിലരെ തിരിച്ചറിഞ്ഞെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേലത്തില്‍ വയ്ക്കുന്ന വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ളവിലയ്ക്കു വിറ്റ് പണമുണ്ടാക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാര്‍ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























