മഴ മുന്നറിയിപ്പിൽ മാറ്റം.... ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ... കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി

ശക്തമായ മഴ മധ്യ തെക്കൻ കേരളത്തിൽ തുടരും. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ഇടുക്കി എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ട വി.കോട്ടയത്ത് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു.
26/09/2025: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് 27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങളിങ്ങനെ....
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























