ആരോപണത്തിൽ തെളിവ്!!! ഉടൻ പുറത്ത് വിടും... ഷാഫിപറമ്പിലിനെതിരായ ആരോപണം; നിർണായക നീക്കം

കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ ഉയർത്തിയ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പരാമർശം. പാർട്ടി കൈവിട്ടെങ്കിലും നിലപാടിലുറച്ച് നിൽക്കുകയാണ് സഖാവ് ഇഎൻ സുരേഷ് ബാബു. താൻ ഉന്നയിച്ച ആരോപണത്തിന്റെ തെളിവ് വൈകാതെ തന്നെ പുറത്ത് വിടുമെന്ന രീതിയിലാണ് പ്രതികരണം.
പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരിലൊരാളായ എ കെ ബാലൻ സുരേഷ് ബാബുവിനെ കൈവിട്ടു എന്നതരത്തിലാണ് പ്രതികരണം നടത്തിയത്. ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് എ കെ ബാലൻ. ആരോപണം ഉന്നയിച്ചവർ തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് എ കെ ബാലൻ പ്രതികരിച്ചു.
തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ താൻ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങൾ അവർ തമ്മിൽ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലൻ. ആരോപണം ഉന്നയിച്ചയാളുടെ കെയ്യിൽ തെളിയിക്കാനുള്ള തെളിവും ഉണ്ടാവും. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചയാളാണല്ലോ അക്കാര്യങ്ങൾ പറയേണ്ടത്. എനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ ഞാൻ പറയില്ലേ. എന്റെ കയ്യിൽ രേഖ ഉണ്ടെങ്കിൽ ഞാൻ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ രേഖയുള്ളതുകൊണ്ടാണല്ലോ അത് പറഞ്ഞിട്ടുണ്ടാവുക. അത് അവർ തമ്മിൽ ആയിക്കോട്ടെ. അതിൽ നമ്മൾ കക്ഷി ചേരുന്നില്ല എന്നായിരുന്നു പ്രതികരണം.
ഇതോട് കൂടെയാണ് താൻ പറഞ്ഞതിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിച്ച് ഇഎൻ സുരേഷ് ബാബു രംഗത്ത് എത്തിയത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു.
സ്ത്രീ വിഷയത്തിൽ മുസ്ലിം ലീഗാണ് അവർക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. രാഹുൽ വി.ഡി.സതീശനെതിരെ ഗ്രൂപ്പ് രൂപീകരിച്ചെന്ന് സുരേഷ് ബാബു. അതുകൊണ്ടാണ് സതീശൻ തെളിവ് പുറത്തുവിട്ടത്. ഷാഫിയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും സുരേഷ് ബാബു.
അതേ സമയം അടുത്ത തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള സിപിഎമ്മിന്റെ ഈ വിവാദമുണ്ടാക്കുന്ന രീതിക്കെതിരെ അതി ശക്തമായി എതിർക്കാൻ പോകുന്നു എന്നറിയിച്ചാണ് ഇന്ന് മുതൽ കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങുന്നത്. സുരേഷ് ബാബുവിന്റേത് അപകീർത്തികരവും സ്ത്രീകളെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയിൽ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
അധിക്ഷേപത്തിൽ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ആരോപണത്തിലുറച്ച് നിൽക്കുകയാണ് സുരേഷ് ബാബു. സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നതെന്നും സുരേഷ് ബാബു ചോദിച്ചിരുന്നു.
അതേ സമയം തനിക്കെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണങ്ങൾ തള്ളിയാണ് ഷാഫി പറമ്പിൽ എംപി രംഗത്ത് എത്തിയത്. ഇത് ആരോപണങ്ങൾ എന്നതിനേക്കാൾ അധിക്ഷേപം എന്നു പറയുന്നതാണ് ശരി. ഇതിന് അതേ ഭാഷയിൽ മറുപടി പറയണമെന്ന് തോന്നുന്നില്ല. എന്നാൽ ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും, തെരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ മിഷൻ 2026 ഇതാണോയെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തെരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കുന്ന മാനിഫെസ്റ്റോ എന്ന് വ്യക്തമാക്കേണ്ടതാണ്.
വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണോ, അതോ ഇങ്ങനെയാണോ സിപിഎം തെരഞ്ഞെടുപ്പിലേക്ക് പോകാനാഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎ ബേബിയും വ്യക്തമാക്കണം. ജനങ്ങളുടെ മുമ്പിൽ വേറെയൊന്നും പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റാത്തതിനാലാണോ വ്യക്തിഹത്യയിലും അധിക്ഷേപത്തിലും സിപിഎം ആശ്രയിക്കുന്നത് എന്നും ഷാഫി ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം ചർച്ചയിലേക്ക് ദിശ മാറ്റണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് ജനങ്ങൾ വിലയിരുത്തട്ടെ. കൃത്യമായ രാഷ്ട്രീയം പറഞ്ഞും സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ട്. ഇടതു പക്ഷത്തിന് ഒരു മെച്ചവും പറയാനില്ലാത്തതുകൊണ്ടാണ് വ്യക്തിപരമായും രാഷ്ട്രീയമായും തകർക്കാൻ ശ്രമിക്കുന്നത്. അതിനാലാണ് അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപ്പിടിച്ച് സിപിഎം മുന്നോട്ടു പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തനിക്കെതിരായ ആക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും. അക്കാര്യം പാർട്ടി നേതാക്കളും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടന്ന് തനിക്കൊന്നും പറയാനില്ല. രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എല്ലാവരും കൂടിയാലോചിച്ചാണെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയ കാര്യമാണെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























