നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്....

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിതകുമാരി (52) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ശക്തമാക്കി.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മകള്‍ മേഘയ്ക്ക് പുലര്‍ച്ചെ രണ്ടരയ്ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ രണ്ടുമണിയോടെ ഉണര്‍ന്ന് സലിത പ്രഭാതഭക്ഷണം ഉണ്ടാക്കിയിരുന്നു. മകളെ വിട്ടശേഷം അവര്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. ശേഷം അഞ്ചുമണിയോടെ എഴുന്നേറ്റ് ചായയുണ്ടാക്കാന്‍ അടുപ്പ് കത്തിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
തീപ്പൊള്ളലേറ്റുള്ള സലിതകുമാരിയുടെ നിലവിളികേട്ട് അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രാഹുല്‍ അടുക്കളയില്‍ എത്തുമ്പോഴേക്കും ശരീരത്തിലും വസ്ത്രത്തിലും തീപടര്‍ന്ന് പിടിച്ചിരുന്നു. ഉടന്‍തന്നെ അയല്‍ക്കാരെ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകള്‍ക്ക് ഭക്ഷണം ഉണ്ടാക്കിയ ശേഷം ഗ്യാസ് അണയ്ക്കാന്‍ മറന്നിട്ടുണ്ടാവുമെന്നും പിന്നീട് എണീറ്റ് വീണ്ടും ചായ ഇടാന്‍ ശ്രമിച്ചപ്പോള്‍ ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാവാം അപകടം നടന്നത് എന്നുമായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
രണ്ടു മക്കളും സലിതയും മാത്രമായിരുന്നു വീട്ടില്‍ താമസം. പരേതനായ കെന്നത്ത് ആണ് ഭര്‍ത്താവ്. നഗരസഭ നല്‍കിയ മൂന്നുസെന്റ് സ്ഥലത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം.
മൂന്നുമാസങ്ങൾക്കു മുമ്പ് വീടിനു സമീപത്തായി സലിത ഒരു തട്ടുകട നടത്തിവരികയായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലിയുണ്ടായിരുന്ന മകന്‍ രാഹുല്‍ ജോലി ഉപേക്ഷിച്ച് കടയില്‍ അമ്മയെ സഹായിച്ച് വരികയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുന്നതായി നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha