തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്....

ഏറെ നാളത്തെ യാത്രക്കാരുടെ കാത്തിരിപ്പിന് അവസാനമായി. 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിനും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിനെ വരവേറ്റ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചങ്ങനാശ്ശേരിയിൽ നിന്നുമുള്ള ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിർവഹിക്കുകയും ചെയ്തു.
2030 ന് മുൻപ് ഇന്ത്യയിൽ റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് ജോർജ് കുര്യൻ പറഞ്ഞു. റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറും.
ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണെന്നും, വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു.
കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു,
"
https://www.facebook.com/Malayalivartha