2031-ഓടെ കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി

കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ . വിഷൻ 2031ന്റെ ഭാഗമായി സർവേയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം കളമശ്ശേരി കേരള സ്റ്റാർട്ട് മിഷൻ ഹബിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർവേ നടപടികൾ സമയബന്ധിതമായി കൃത്യതയോടെ പൂർത്തിയാക്കുന്നതിന് സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവേയർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സർവേയും ഭൂരേഖയും വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സെമിനാറിൽ കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം : ദർശനവും തന്ത്രപരമായ കർമരേഖയും എന്ന വിഷയത്തിൽ മന്ത്രി അവതരണം നടത്തി.
കേരളത്തിന്റെ ഭൂവിനിയോഗ ഭൂപരിപാലനത്തിന്റെ ചരിത്രം മന്ത്രി വിശദീകരിച്ചു. ഭൂമിക്ക് വേണ്ടി വലിയ സമരങ്ങൾ നടന്ന പാരമ്പര്യമുള്ള ഒരു നാടാണ് കേരളം. ആദ്യത്തെ ജനാധിപത്യ സർക്കാർ കേരളത്തിൽ വന്നതോടെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ലക്ഷകണക്കിന് മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാനായി കഴിഞ്ഞു.
കേരളത്തിന്റെ മാതൃകയിൽ മറ്റു പല സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും വിജയകരമായില്ല. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭൂപരിഷ്‌കരണ നിയമം കേരളത്തിന്റെ പ്രത്യേകതയാണ്. ഭൂപരിഷ്‌കരണ നിയമത്തിന് നേതൃത്വം നൽകിയ കേരളം തന്നെയാണ് ഭൂപരിപാലനത്തിന്റെ ആധുനികവൽക്കരണവും മുന്നോട്ടുവച്ചത് എന്നുള്ളത് അഭിമാനകരമായിട്ടുള്ള വസ്തുതയാണ്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ 2022 ൽ ഡിജിറ്റൽ റീസർവെയുടെ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചു.
സർവേ നടപടികൾക്ക് വേഗം കൂട്ടുന്നതിന് പഴയ രീതിയിൽ നിന്ന് മാറി കാലാനുസൃതമായ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.കേരളം 2031-ൽ ആഗ്രഹിക്കുന്നത് കേരളത്തിലെ ഭൂരേഖകൾ ഏറ്റവും കൃത്യമാക്കുന്ന ഒരു കൺക്ലൂസിവ് ടൈറ്റിലാണ്. കൈവശാവകാശങ്ങൾ സുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ അടിസ്ഥാനത്തിലുള്ള വൺ ടൈറ്റിൽ-വൺ ട്രൂത്ത് സംവിധാനത്തിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം, വിറ്റഴിക്കൽ, പാരമ്പര്യ കൈമാറ്റം, രജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്താവുന്നതാണ്.
ഇതിലൂടെ ഭൂമി രേഖകളിൽ എല്ലാ ഇടപാടുകളും ജനങ്ങൾക്കും, അധികാരികൾക്കും സുതാര്യമായി കാണാൻ സാധിക്കും.
"
https://www.facebook.com/Malayalivartha