കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....

കേരള തീരത്തോടടുത്ത് തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും കാരണം കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ അതിശക്തമായേക്കും . കേരളത്തിൽ പലയിടത്തും മിന്നൽപ്രളയങ്ങൾക്കും സാധ്യതയേറെയാണ്.
മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്. 20-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒക്ടോബർ അവസാനംവരെ മഴ തുടരാനാണ് സാധ്യത.
അതേസമയം ഒറ്റരാത്രി പെയ്ത അതിശക്തമായ മഴ ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. കരകവിഞ്ഞൊഴുകിയ കല്ലാർ പുഴയിലൂടെ വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിനടക്കുന്ന കാഴ്ച കണ്ടാണ് ഇടുക്കിയിലെ മലയോര മേഖല ഇന്നലെ ഉണർന്നത്.
മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണു ജില്ലയിൽ പെയ്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒറ്റ രാത്രി 6 അടി ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9ന് 3 ഷട്ടറുകൾ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തിയാണു ജലനിരപ്പ് നിയന്ത്രിച്ചത്. ചെറിയ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തതാണു ദുരിതത്തിനു കാരണമായത്.
ഒപ്പം വനമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി വെള്ളം കുതിച്ചെത്തി. 2018ലെ മഹാപ്രളയത്തിൽ വെള്ളം കയറാത്ത മേഖലകൾ പോലും ഇന്നലെ വെള്ളത്തിനടിയിലാകുകയായിരുന്നു, കുമളിയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു.
"
https://www.facebook.com/Malayalivartha