ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും

ഡോര്‍ അടയ്ക്കാതെ ഗതാഗതം നടത്തി യാത്രക്കാരന്‍ ബസ്സില്‍ നിന്നും തെറിച്ചുവീണ് മരണപ്പെട്ട സംഭവത്തില്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്ന പുത്തൂര്‍ വെട്ടൂകാട് സ്വദേശിയായ താണിപറമ്പില്‍ വീട്ടില്‍ രജീഷ് (29), കണ്ടക്ടറായിരുന്ന പുത്തൂര്‍ വെട്ടൂക്കാട് സ്വദേശിയായ പുഞ്ചടത്ത് വീട്ടില്‍ അജലകുമാര്‍ (41) എന്നിവരെയാണ് ഒരു വര്‍ഷം തടവിനും രണ്ടു പേര്‍ക്കും ഒന്നര ലക്ഷം രൂപ വീതം മൊത്തം മൂന്നു ലക്ഷം രൂപ പിഴയും തൃശൂര്‍ ജുഡീഷ്യല്‍ നമ്പര്‍ വണ്‍ ഫസ്റ്റ് ക്‌ളാസ്സ് മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്.
2013 വര്‍ഷത്തില്‍ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം KL18 8199 എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമായ പ്രതികള്‍ ബസ്സിന്റെ ഡോര്‍ അടയ്ക്കാതെ അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും ഓടിച്ചതില്‍ മാര്‍ അപ്രേം ഭാഗത്തുവച്ച് യാത്രക്കാരന്‍ ബസ്സില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായ പരിക്കുപറ്റി മരണപ്പെടുകയായിരുന്നു. ഇക്കാര്യത്തിന് തൃശൂര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് വിഭാഗം കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി രാമകൃഷ്ണന്‍ അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha