ശബരിമല സ്വർണക്കൊള്ള അന്വേഷണം മന്ദഗതിയിൽ: ദീപാവലി കാരണം ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ എന്ന് സൂചന: തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് പോലീസുകാരുടെ കാവലിൽ വിശ്രമം...

ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിനിടെ ദീപാവലി കാരണം അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ വീട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പോലീസുകാരുടെ കാവലിൽ വിശ്രമിക്കുകയാണ് . ഇന്നലെ മൊഴിയെടുപ്പുകൾ ഉണ്ടായില്ല. ദീപാവലി കഴിഞ്ഞ് മാത്രമേ മൊഴിയെടുപ്പുകളും അയൽ സംസ്ഥാനങ്ങളിലേക്കുള്ള തെളിവെടുപ്പുകളും ആരംഭിക്കുകയുള്ളൂ എന്നാണു റിപ്പോര്‍ട്ട്. ഇതോടെ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണം ദീപാവലി അവധിയാൽ തടസപ്പെടുമോ എന്ന ചർച്ച സജീവമാണ്.
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് നിരവധി ഭൂമി ഇടപാടുകളുടെ രേഖകളും പ്രമാണങ്ങളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് നിരവധി ആധാരങ്ങളും മറ്റു രേഖകളും കണ്ടെടുത്തത്.
ഇവ ബിനാമി ഇടപാടുകളാണോ അതോ ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനായി വാങ്ങിവച്ചിരിക്കുന്ന ഭൂമിയുടെ രേഖകളാണോ എന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പിന്നീട് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ ചുറ്റുപാടുകളില്‍ പലയിടത്തും തീയിട്ടതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന തെളിവുകള്‍ കത്തിച്ചതാകാമെന്നാണ് സംശയം.
https://www.facebook.com/Malayalivartha