യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഫുജൈറയിലെ മസാഫിയില്‍ റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു. ഇത് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ഈ മേഖലയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത്, മലയോര പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കാനും ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കനത്ത മഴ ലഭിക്കുന്ന സമയങ്ങളില്‍ മണ്ണിടിച്ചിലും പാറ വീഴ്ചയും ഇത്തരം പ്രദേശങ്ങളില്‍ കൂടുതലായി ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ മലയോര റോഡില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ വാഹനങ്ങള്‍ അതീവ ശ്രദ്ധയോടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ കാണാം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മസാഫി പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ കാലാവസ്ഥാ വകുപ്പ് അപകടകരമായ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മഴ ആസ്വദിക്കുന്ന താമസക്കാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. മഴവെള്ളം പാറക്കെട്ടുകളിലൂടെ ചെറിയ വെള്ളച്ചാട്ടങ്ങളായി താഴേക്ക് പതിക്കുകയും റോഡരികിലൂടെ അരുവികള്‍ രൂപപ്പെടുകയും ചെയ്യുന്നത് ചില വിഡിയോകളില്‍ കാണാം. മഞ്ഞ, ഓറഞ്ച് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതരുടെ എല്ലാ നിര്‍ദ്ദേശങ്ങളും പിന്തുടരാനും നിര്‍ദേശമുണ്ട്.
യുഎഇയില്‍ അടുത്ത ദിവസങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലത്തില്‍ നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്റെ ഭാഗമായി മേഖലയില്‍ അസ്ഥിരമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇന്നും നാളെയും റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha