ഹോസ്റ്റലിൽ കയറി ടെക്നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞ് പെൺകുട്ടി; റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിന് സമീപത്തുകൂടി നടക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ വെളിച്ചം: അകത്ത് നിന്ന് കുറ്റിയിടാത്ത മുറിയിലേയ്ക്ക് കയറി പീഡനം: തൊട്ട് മുമ്പ് മോഷണവും...

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തി. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. തിരിച്ചറിയൽ പരേഡിന് ശേഷമാണു പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടത്. മധുര സ്വദേശി ബെഞ്ചമിനാണ് പ്രതി.
വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്ന് തിരുവനന്തപുരം ഡിസിപി പ്രതികരിച്ചു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ആളുകൾ ഉള്ളതിനാൽ ഈ വീടുകളുടെ അകത്തു കയറിയില്ല. കോമ്പൗണ്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി. സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയിൽ നിന്ന് ചെറുത്തുനിൽപ്പുണ്ടായി എന്നും അദ്ദേഹം വിശദമാക്കി. കഴക്കൂട്ടത്ത് പ്രത്യേക പട്രോളിംഗ് നടത്തുമെന്നും ഹോസ്റ്റലുകൾക്ക് സുരക്ഷ ഒരുക്കുമെന്നും ഡിസിപി അറിയിച്ചു.
മറ്റു കേസുകളിലും പ്രതിയായ ഇയാളെ കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു. മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി എത്തുന്നയാളാണു പ്രതി. ഇയാൾ കഴക്കൂട്ടത്തേക്ക് എത്തിയത് ജോലി സംബന്ധമായി എന്നാണ് വിവരം. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ എത്തി ഉറങ്ങുമ്പോഴാണ്, അതിക്രമിച്ചു കയറിയ ആൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
ഭയന്നതിനാൽ രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അസിസ്റ്റന്റ് കമ്മിഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. മുറിയിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പുലർച്ചെ വരെ കറങ്ങിനടന്നതു പൊലീസ് സ്റ്റേഷൻ പരിസരത്ത്. സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചു. അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സ്റ്റേഷൻ വളപ്പിനടുത്തുതന്നെ ഉണ്ടായിരുന്ന പ്രതി 3 മണിക്കൂറോളമാണു ചെലവഴിച്ചത്. തമിഴ്നാട്ടിൽനിന്നു തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്.
റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്. മുറി അകത്തുനിന്നു കുറ്റിയിട്ടിരുന്നില്ലെന്നു പൊലീസ് പറയുന്നു. പീഡനത്തിനു ശേഷം മുങ്ങിയ പ്രതി ലോറിക്കു സമീപത്തേക്ക് എത്തുന്നതും പിന്നീട് മണിക്കൂറുകൾക്കു ശേഷം ലോറിയുമായി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നാണു വിവരം. അതേസമയം, വനിതകൾ ഉൾപ്പെടെ താമസിക്കുന്ന പല ഹോസ്റ്റലുകൾക്കും സുരക്ഷ പേരിനു മാത്രമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു സിസിടിവി ക്യാമറയുടെ നിരീക്ഷണം പോലും ഇല്ലാത്തവയാണ് ഐടി നഗരത്തിലും തലസ്ഥാനത്തുമുള്ള ഭൂരിഭാഗം വനിതാ ഹോസ്റ്റലുകളും.
https://www.facebook.com/Malayalivartha