മുറജപത്തിന് മുന്നോടിയായി വേദമണ്ഡപങ്ങൾ തുറന്നു... ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് മുന്നോടിയായി വേദമണ്ഡപങ്ങൾ തുറന്നു. ക്ഷേത്രത്തിന് പുറത്ത് നാലുനടകൾക്കും മുന്നിലാണ് വേദമണ്ഡപങ്ങൾ. . ഇന്നലെ വൈകുന്നേരം കിഴക്കേനടയിൽ പുഷ്‌പാഞ്ജലി സ്വാമിയാർ നടുവിൽമഠം ഒറവങ്കര അച്യുതഭാരതി ദീപം തെളിയിച്ചു. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു.
ക്ഷേത്രത്തിനുള്ളിൽ നാലുചുറ്റും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വേദജപം നടക്കുക. ദിവസേന രാവിലെ ആറു മുതൽ എട്ടുവരെയും ഒൻപത് മുതൽ 11വരെയുമാണ് ജപം. വൈകുന്നേരം 6.30മുതൽ ഏഴുവരെ പദ്മതീർത്ഥത്തിൽ ജലജപം നടക്കും. വന്ദേപദ്മനാഭം എന്ന പേരിൽ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കിഴക്കേടനടയിൽ തെലുങ്ക് നടൻ റാണ ദഗ്ഗുബതി നിർവഹിക്കും.
മുറജപത്തിൽ പങ്കെടുക്കാനായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വേദപണ്ഡിതർ, ആചാര്യന്മാർ എന്നിവർ എത്തിത്തുടങ്ങി. വേദത്തിന് പുറമെ പുരാണങ്ങൾ,ഇതിഹാസങ്ങൾ, ഉപനിഷത്തുക്കൾ എന്നിവ പാരായണം ചെയ്യും. ഇവർക്ക് താമസത്തിനുള്ള സൗകര്യം പടിഞ്ഞാറെനട നെൽപ്പുരയിൽ സജ്ജമാക്കിയിട്ടുണ്ട്.
ജനുവരി 14ന് ലക്ഷദീപം വരെ പത്മതീർത്ഥവും പരിസരവും ദീപാലങ്കൃതമാകും. .മണ്ഡലകാലമായതിനാൽ അയ്യപ്പന്മാരുടെ തിരക്കേറുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























