കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരശ്ശീല ഉയരും... ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്യും....

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തിരശ്ശീല ഉയരും. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ കാണികള്‍ക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിലി സംവിധായകന്‍ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ ഷാജി എന്‍. കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' സാംസ്‌കാരിക മന്ത്രി അനസൂയ ഷാജിക്ക് നല്‍കി പ്രകാശനം ചെയ്യും.
ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്‌നാമില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്‍കി പ്രകാശിപ്പിക്കും.
"
https://www.facebook.com/Malayalivartha


























