പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു... വയനാട് വന്യജീവി സങ്കേതത്തിലെ 11-ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ്... ഉച്ചവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു

പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവയെ തിരിച്ചറിഞ്ഞു. അഞ്ച് വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 11-ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഡബ്ല്യു.എ.എൽ 112-ാം നമ്പർ കടുവയാണെന്ന് കണ്ടെത്തിയത്. അതേസമയം, കടുവയെ തുരുത്താനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി.
വയനാട് പച്ചിലക്കാട് പടിക്കം വയലിൽ നിന്ന് കടുവ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിയോയെന്നും പരിശോധിക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കാനായി പടിക്കംവയലിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
അതിനിടെ, കടുവയെ തുരുത്താനുള്ള ദൗത്യത്തിനായി കുങ്കിയാനകളെ ഉപയോഗിക്കാനായി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പച്ചിലക്കാട് എത്തിക്കും.
മാനന്തവാടി, കൽപറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതും പരിശോധന നടത്തുന്നതും. തുരുത്താൻ സാധിച്ചില്ലെങ്കിൽ കടുവയെ കൂടുവെച്ച് പിടികൂടുകയും ചെയ്യും. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിൽ ഉച്ചവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. . ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഉച്ചക്ക് മുമ്പ് കടുവയെ കണ്ടെത്തിയില്ലെങ്കിൽ നിരോധനാജ്ഞ നീട്ടാനാണ് സാധ്യത.
https://www.facebook.com/Malayalivartha



























