മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ തീർത്ഥാടക പ്രവാഹം....

മകരവിളക്ക് ഉത്സവത്തിനു ശബരിമല നട തുറന്നതോടെ വീണ്ടും തീർഥാടക പ്രവാഹം. ചൊവ്വാഴ്ച തുടങ്ങിയ തിരക്ക് വെള്ളിയാഴ്ചയും തുടരുകയാണ്. വ്യാഴം വൈകുന്നേരം ആറ് വരെയുള്ള കണക്ക് പ്രകാരം 59,506 പേരാണ് പമ്പയിൽ നിന്ന് മല കയറിയത്. മരക്കൂട്ടത്തിൽ തീർഥാടകർ ഒഴിയുന്നതിന് അനുസരിച്ചാണ് പമ്പയിൽ നിന്ന് കടത്തി വിടുന്നത്.
ഇതര സംസ്ഥാനത്ത് നിന്നുള്ളവർ കൂടുതലായി എത്തിത്തുടങ്ങിയതോടെ കഴിഞ്ഞ ദിവസം മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച മാത്രം 90,350 പേരും മകരവിളക്കിനായി നട തുറന്ന ആദ്യ ദിവസമായ ചൊവ്വാഴ്ച 57,256 പേരും ദർശനം നടത്തി.
തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള 1593 പേരുടെ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 10 ഡിവൈഎസ്‌പിമാരും 35 സിഐമാരും സംഘത്തിലുണ്ട്. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെഎസ്ഇബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകളായുള്ളത്.
"
https://www.facebook.com/Malayalivartha



























