കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തില്‍ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല

തിരുവനന്തപുരം കരമനയില്‍ നിന്ന് 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കരമന കരിമുകള്‍ സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ അതോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha
























