സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും

കണ്ണൂരില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ചയാണ് തോട്ടട സ്വദേശി പ്രമോദ് മഠത്തിലിന് ആ കോള്‍ എത്തുന്നത്. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞായിരുന്നു കോള്‍. പ്രമോദിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്‍ ഐ എ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍, സിം കാര്‍ഡ് വിവരങ്ങളും അയച്ചു നല്‍കി.
ആദ്യം ഒന്ന് പകച്ചെങ്കിലും ഭാര്യയും വിദേശത്തുള്ള മകനും പിന്തുണ നല്‍കി. വിവരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും തട്ടിപ്പ് സംഘത്തിന്റെ കോള്‍ എത്തി. 'സാറിനെ കണ്ടിട്ട് മലയാളിയെപ്പോലെ തോന്നുന്നില്ലല്ലോ' എന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ഇത്തവണ തട്ടിപ്പുകാരോട് 10 മിനിറ്റില്‍ അധികം സംസാരിച്ചു പ്രമോദ്. ഒടുവില്‍ ഫോണ്‍ പൊലീസിന് കൈമാറി. ഇത് ആരാണ് എന്ന തട്ടിപ്പുകാരന്റെ ചോദ്യത്തിന് 'എല്ലാരുമുണ്ട്, നീ എവിടെയാടാ നാട്ടില്' എന്ന് പൊലീസിന്റെ മറുപടി. ഇത് കേട്ടതോടെ തട്ടിപ്പ് സംഘം കോള്‍ കട്ട് ചെയ്ത് മുങ്ങി.
https://www.facebook.com/Malayalivartha
























