ചര്‍ച്ച പരാജയം : ഇന്ന് വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി യോഗം; വൈകുന്നേരത്തോടെ എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് വി.എം. സുധീരന്‍

കോണ്‍ഗ്രസിലെ സീറ്റുനിര്‍ണയ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രസംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പു സമിതി യോഗം പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനോ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. സ്‌ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും ശനിയാഴ്ച വീണ്ടും ചേരും.
അതേസമയം, മൂന്നു മന്ത്രിമാര്‍ അടക്കമുള്ള ആരോപണവിധേയരും നിരന്തര സ്ഥാനാര്‍ഥികളും മാറണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ ആവശ്യത്തിന് ഭാഗികമായെങ്കിലും വഴങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനായേക്കും എന്നതാണ് അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലെ ചിത്രം.
മാറ്റണമെന്ന് സുധീരന്‍ ആവശ്യപ്പെടുന്ന മൂന്നു മന്ത്രിമാരടക്കം നാലു പേരില്‍ ആര്‍ക്കും പരിക്കില്ലാതെ പ്രശ്‌നത്തിന് പരിഹാരമില്ലെന്ന ഹൈകമാന്‍ഡ് കാഴ്ചപ്പാടാണ് പുറത്തു വരുന്നത്. അടൂര്‍ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ്, ബന്നി ബഹനാന്‍ എന്നിവരില്‍ ഒരാളെങ്കിലും മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യം സുധീരന്റെ വിജയവുമാണ്. അതു നേടിയെടുക്കുന്നതിനുള്ള ശ്രമത്തില്‍, താന്‍ മത്സരിക്കാനില്ലെന്ന നിലപാട് സുധീരന്‍ തെരഞ്ഞെടുപ്പു സമിതിയില്‍ ആവര്‍ത്തിച്ചു.
ഇതിനകം വിവിധ മണ്ഡലങ്ങളുടെ കാര്യത്തിലുണ്ടാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക പൊളിക്കുകയും ചെയ്തു. മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന യുവമഹിള നേതാക്കളുടെ പരാതിയെ തുടര്‍ന്ന്, അവര്‍ക്കിടയില്‍നിന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പട്ടിക പൊളിക്കണമെന്ന് രാഹുല്‍ ഗാന്ധിയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചുള്ള മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗവും വൈകിട്ട് സോണിയയുടെ സാന്നിധ്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും സമ്മേളിച്ചു. സാധാരണ നിലക്ക് സ്‌ക്രീനിങ് കമ്മിറ്റി മുന്നോട്ടുവെക്കുന്ന കരടു പട്ടികയില്‍ ചില്ലറ മാറ്റങ്ങള്‍ ഉന്നത സമിതി വരുത്തിയെന്നു വരാം. എന്നാല്‍ സോണിയ, രാഹുല്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ ഒന്നിച്ചിരുന്നിട്ടും ഫലം കണ്ടില്ല.
രാത്രിവരെ നീണ്ട കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സോണിയയുടെ സാന്നിധ്യത്തില്‍ കേരള നേതാക്കളുടെ ചര്‍ച്ച വീണ്ടും നടന്നു. പ്രശ്‌നത്തിന് സംസ്ഥാന നേതാക്കള്‍തന്നെ തീര്‍പ്പുണ്ടാക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടതെന്ന് അറിയുന്നു. തുടര്‍ന്ന്, സുധീരനും ചെന്നിത്തലയുമായി എ.കെ. ആന്റണി സോണിയയുടെ വസതിക്കു മുന്നില്‍നിന്ന് വീണ്ടും അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതിനിടെ, അതില്‍ പങ്കെടുക്കാതെ ഉമ്മന്‍ ചാണ്ടി കാറില്‍ കയറി കേരള ഹൗസിലേക്ക് മടങ്ങി.
ശനിയാഴ്ച രാവിലെ ഒമ്പതരക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേരും. തുടര്‍ന്ന് കമ്മിറ്റി അഭ്യര്‍ഥിക്കുന്നതനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും സമ്മേളിക്കും. അതിനു ശേഷം പട്ടിക പൂര്‍ണമായി ഒന്നിച്ചു പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സുധീരന്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha