വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ ചതിയില്‍പ്പെട്ട് കോടികള്‍ നഷ്ടമായ റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ 4.45നും 5.15നുമിടയില്‍ കടന്നുപോയ ട്രെയിന്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വര്‍ഷമായി എരൂര്‍ വെണ്ട്രപ്പിള്ളി അപ്പാര്‍ട്ട്‌മെന്റില്‍ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം.
ഒരു വര്‍ഷം മുന്‍പാണ് വ്യാജ ട്രേഡിങ്ങില്‍പ്പെട്ട് 3 കോടി രൂപയോളം രാജന്‍ നമ്പൂതിരിക്ക് നഷ്ടമായത്. യു.എസ്.സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നല്‍കാതെ പണം കൂടുതല്‍, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് സൈബര്‍ പൊലീസില്‍ രാജന്‍ നമ്പൂതിരി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജന്‍ നമ്പൂതിരി. പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്‌റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിങിലും തല്‍പ്പരനായിരുന്ന രാജന്‍ നമ്പൂതിരി മറ്റു പല ഓണ്‍ലൈന്‍ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ചെറുതുരുത്തിയില്‍ സംസ്‌കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബി.എസ്.എന്‍.എല്‍), മക്കള്‍: സുകന്യ , സുജിത്ത് മരുമകന്‍: ശ്രീനാഥ്.
https://www.facebook.com/Malayalivartha



























