കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്: ബജറ്റ് ചര്‍ച്ചയില്‍ ഒരോ മേഖലയും എടുത്ത് പറഞ്ഞ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍

ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തി ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. കാര്‍ഷിക മേഖലയെ ബജറ്റില്‍ അവഗണിച്ചെന്നും തൊഴിലില്ലായ്മയെ പരിഗണിക്കുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. പ്രധാന പദ്ധതികള്‍ക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റില്‍ ഉണ്ടായതെന്ന് വിമര്‍ശിച്ച തരൂര്‍, കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. കേരളത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദ്യം ഉന്നയിച്ചു.
ബജറ്റിനെ വിമര്‍ശിച്ച് തരൂര്‍, പുതിയ തൊഴിലുറപ്പ് പദ്ധതിയെയും കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതല്ല ബജറ്റ്. തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. നികുതിഭാരം വ്യക്തികള്‍ക്ക് മുകളില്‍ കെട്ടി വയ്ക്കുന്നു. കര്‍ഷകര്‍ക്ക് ബജറ്റില്‍ കാര്യമായ ഒരു പ്രഖ്യാപനങ്ങളില്ല, കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് ഇത്തവണത്തെ കര്‍ഷകര്‍ക്കുള്ള പ്രഖ്യാപനം. ഇത് ആശങ്കാജനകമാണെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായിയെന്നും തരൂര്‍ വിമര്‍ശിച്ചു. കുരുമുളക് കര്‍ഷകര്‍ക്ക് ഒന്നുമില്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിക്കും കഴിഞ്ഞ ബജറ്റിനേക്കാള്‍ കുറവ് വകയിരുത്തലാണ് ഉള്ളതെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുന്നു. നഗരമേഖലകളില്‍ തൊഴിലില്ലായ്മ വളരുന്നു, ഇത് യുവാക്കളുടെ സ്പ്നങ്ങള്‍ തകര്‍ക്കുന്നു. ഇതിനായി നേരിട്ട് വകയിരുത്തിയ തുക ഉപയോഗപ്പെടുത്തിയിട്ടില്ല. പുതിയ തൊഴിലുറപ്പ് പദ്ധതിയെയും തരൂര്‍ വിമര്‍ശിച്ചു. തീരദേശ മേഖലയില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. കടലേറ്റം തുടരുന്നു, ഇതും ബജറ്റില്‍ പരിഗണിച്ചില്ലെന്നും തരൂര്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























