കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജി വച്ചു, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് യുഡിഎഫിനെ തോല്‍പിക്കാന്‍ പരിശ്രമിക്കും

ജോണി നെല്ലൂര്‍ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. പാര്‍ട്ടിക്ക് മൂന്ന് സീറ്റ് ലഭിക്കേണ്ടതായിരുന്നു. അത് ലഭിക്കാത്തത് തന്റെ വീഴ്ചയാണെന്നും ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫിനെ തോല്‍പിക്കാന്‍ പരിശ്രമിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
അങ്കമാലി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോണി നെല്ലൂരിന്റെ രാജിയില്‍ കലാശിച്ചത്. അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനു വേണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍ വിട്ടുവീഴ്ചക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടെടുക്കുയായിരുന്നു.
'രാഷ്ട്രീയത്തില്‍ ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലെന്നു ഇതോടെ വ്യക്തമായിരിക്കുകയാണ്. ചതിയിലും വഞ്ചനയിലും പെട്ട് ഹൃദയം നുറുങ്ങുമ്പോള്‍ പൊതു പ്രവര്‍ത്തനരംഗത്തു നിന്നു ഒളിച്ചോടാന്‍ തയാറല്ല. കപടമുഖം ധരിച്ചവരുടെ മുഖം മൂടി വലിച്ചു കീറി യഥാര്‍ഥ മുഖം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ചതിയന്‍മാര്‍ക്കു മാത്രമേ രാഷ്ട്രീയത്തില്‍ വിലയുള്ളൂ. തന്നെ കൂടെ കൊണ്ടു നടന്നു ചതിച്ചത് കോണ്‍ഗ്രസാണ്. തനിക്കെതിരെ ഗൂഡാലോചന നടത്താനുള്ള കഴിവൊന്നും അനൂപ് ജേക്കബിനില്ല. മുറിവേല്‍പ്പിച്ചവര്‍ക്കൊപ്പം നിന്നു ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധ മാര്‍ഗം സ്വീകരിച്ചത് ചിലരുടെ കണ്ണിലെ കരടാക്കി'' ജോണി നെല്ലൂര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇത്തവണ മൂന്നു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രി അനൂപ് ജേക്കബ് മല്‍സരിക്കുന്ന പിറവം മാത്രമേ മുന്നണി നേതൃത്വം അവര്‍ക്ക് അനുവദിച്ചിരുന്നുള്ളൂ. കഴിഞ്ഞ തവണ മല്‍സരിച്ച അങ്കമാലി സീറ്റിനായി ജോണി നെല്ലൂര്‍ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഈ തര്‍ക്കമാണ് പാര്‍ട്ടി വിടുന്നതില്‍ കലാശിച്ചത്.
അങ്കമാലി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെ കടുത്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ നേരത്തെ രംഗത്തെത്തിരുന്നു. യുഡിഎഫ് ചെയ്തത് ക്രൂരമായ വഞ്ചനയാണെന്നും കൂടെ കൊണ്ടു നടന്ന് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ലോകത്ത് ഇതിലും വലിയ ചതി ആരും ചെയ്തിരിക്കില്ലെന്നും ജോണി നെല്ലൂര്‍ ആക്ഷേപിച്ചിരുന്നു. അങ്കമാലി വിഷയത്തില്‍ പാര്‍ട്ടിയും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും പാര്‍ട്ടി യോഗത്തില്‍ ജോണി നെല്ലൂര്‍ ആരോപിച്ചിരുന്നു. ദിവസങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഒടുവിലാണ് ജോണി നെല്ലൂരിന്റെ രാജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha