കേരളത്തിലെ മുന്‍ ഡി.ജി.പി.യും മലബാര്‍ സിമന്റ്‌സ് എംഡിയുമായ രമേഷ് ചന്ദ്രഭാനു അന്തരിച്ചു

മുന്‍ ഡി.ജി.പി.യും മലബാര്‍ സിമെന്റ്‌സ് എം.ഡിയുമായിരുന്ന രമേഷ് ചന്ദ്രഭാനു (66) തിരുവനന്തപുരത്ത് അന്തരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ്.
1976 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന രമേഷ് ചന്ദ്രഭാനു പാലക്കാട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍, ജില്ലകളില്‍ എസ്.പിയായും ഉത്തരമേഖല, പോലീസ് ആസ്ഥാനം, വിജിലന്‍സ് എന്നിവിടങ്ങളില്‍ ഡി.ഐ.ജിയായും മനുഷ്യാവകാശ കമ്മിഷന്‍, സൗത്ത് സോണ്‍, വിജിലന്‍സ് എന്നിവിടങ്ങളില്‍ ഐ.ജിയായും സേവനം ചെയ്തിട്ടുണ്ട്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറായും ഇന്റലിജന്‍സ് അഡീഷണല്‍ ഡി.ജി.പി.യായും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും മലബാര്‍ സിമെന്റ്‌സ് എം.ഡിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 ല്‍ മലബാര്‍ സിമെന്റ്‌സ് എം.ഡിയായിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു. സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറുടെ ഉപദേഷ്ടാവുമായിരുന്ന പരേതനായ എന്‍. ചന്ദ്രഭാനു പിതാവാണ്.
മുന്‍ അഡീഷണല്‍ ഡി.എച്ച്.എസ്. ആയിരുന്ന പരേതനായ ഡോ. എസ്. ശിവരാമന്റെ മകള്‍ ജയലക്ഷ്മിയാണു ഭാര്യ.
മക്കള്‍: കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു, ദേവി രമേഷ് ചന്ദ്രഭാനു. മരുമകള്‍: കട്ടപ്പന മുന്‍സിഫ് ആയ രുഗ്മ എസ്. രാജ്. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha