പൊങ്കാലയ്ക്ക് എത്തിയ ഭക്തരെ പിഴിഞ്ഞ് അനധികൃത പാര്‍ക്കിങ് കേന്ദ്രങ്ങള്‍

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരെ പിഴിഞ്ഞ് സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍. കോര്‍പറേഷനില്‍ നിന്ന് അനുമതി വാങ്ങാതെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് അനധികൃത പിരിവ്. ഡ്രൈവര്‍മാരുടെ പരാതിയെ തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ മേയര്‍ വി.വി.രാജേഷിനോടു കൊള്ളപ്പിരിവിനെക്കുറിച്ച് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഐരാണിമുട്ടത്ത് താല്‍ക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയര്‍ വി.വി.രാജേഷ് ഇടപെട്ട് താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. തുടര്‍ന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കി, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ അടങ്ങിയ നിയമാവലി കാറ്റില്‍പറത്തിയായിരുന്നു പിരിവ്.
അയല്‍ ജില്ലകളില്‍ നിന്ന് ഇന്നലെ തലസ്ഥാനത്ത് എത്തിയ വാഹന ഡ്രൈവര്‍മാരാണ് കൊള്ളയ്ക്ക് ഇരയായത്. വലിയ കാര്‍ പാര്‍ക്കു ചെയ്യാന്‍ 400 രൂപയാണ് സ്വകാര്യ പാര്‍ക്കിങ് കേന്ദ്രം ഉടമ ഈടാക്കിയത്. ഇതിനായി രസീതും അച്ചടിച്ച് വിതരണം ചെയ്തു. രണ്ടു ദിവസത്തെ പാര്‍ക്കിങ്ങിനു വേണ്ടിയാണ് ഈ നിരക്ക് ഈടാക്കിയത് എന്ന് ഉടമ വിശദീകരിച്ചെങ്കിലും നിയമാനുസൃത നിരക്ക് മാത്രം ഈടാക്കിയാല്‍ മതിയെന്ന് മേയര്‍ നിര്‍ദേശിച്ചു.
കാടൂമൂടിക്കിടന്ന പ്രദേശങ്ങള്‍ മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ക്ഷേത്ര പരിസരത്ത് ഒട്ടേറെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുറന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നേടണം എന്നാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമാവലിയിലെ പ്രധാന നിര്‍ദേശം. ഓരോ തരം വാഹനങ്ങളില്‍ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.
https://www.facebook.com/Malayalivartha

























