വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ

ഏത് കാര്യത്തിലും തന്റേതായ നിലപാടുകള്‍ സ്വീകരിക്കുന്ന താരമാണ് അനുശ്രീ. ഇപ്പോള്‍ ഹിന്ദുവാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചുവെന്ന് നടി അനുശ്രീ. കൊട്ടാരക്കരയില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യ അതിഥിയായി സംസാരിക്കവേയാണ് നടി അനുശ്രീ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞത്.
താനൊരു ഹിന്ദുവാണെന്നും ആ സംസ്‌കാരത്തില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയതിന്റെ പേരില്‍ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍ തന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ യാതൊരുവിധ കുറ്റബോധമോ അഭിമാനക്കുറവോ തോന്നിയിട്ടില്ലെന്നും അനുശ്രീ പ്രസംഗത്തില്‍ പറഞ്ഞു.
''ഹിന്ദുവാണെന്നും ആ സംസ്‌കാരത്തില്‍ ജീവിക്കാനാണ് ആഗ്രഹമെന്നും തുറന്നു പറയുന്ന ആളാണ് ഞാന്‍. എവിടേയും അത് മറച്ചുവച്ചിട്ടില്ല. എന്റെ വിശ്വാസങ്ങളാണ് എനിക്കേറ്റവും വലുതെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ആ തുറന്നു പറച്ചിലിന്റെ പേരില്‍ ഭവിഷ്യത്തുകള്‍ അനുവഭിക്കുന്നുമുണ്ട്. നന്നായിട്ട് അനുഭവിച്ചു. പക്ഷേ അതില്‍ കുറ്റബോധം തോന്നിയിട്ടില്ല. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവും തോന്നിയിട്ടില്ല.
ഹിന്ദു എന്നത് ഒരു മതമാണെന്ന് എന്നെയാരും പഠിപ്പിച്ചിട്ടില്ല. അതൊരു സംസ്‌കാരമാണ്, ധാര്‍മികതയാണ് എന്നാണ് എന്റെ മാതാപിതാക്കളും ഗുരുക്കന്മാരും ഞാന്‍ പോയിട്ടുള്ള ബാലഗോകുലവും പഠിപ്പിച്ചിട്ടുള്ളത്.
അതിനാല്‍ അതിലുറച്ചു നില്‍ക്കാന്‍ അന്നും ഇന്നും ആഗ്രഹിക്കുന്നു. അന്ന് ബാലഗോകുലത്തില്‍ പോയതു കൊണ്ടായിരിക്കാം ഈ സംസ്‌കാരത്തോട് അത്രയും ഉറപ്പോടെ നില്‍ക്കാന്‍ സാധിക്കുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്താണ് ഹൈന്ദവ മതെന്നും എന്താണ് നമ്മുടെ സംസ്‌കാരമെന്നും അറിയില്ല.
ഞങ്ങള്‍ ബാലഗോകുലത്തില്‍ പോയിരുന്നത് മതത്തെക്കുറിച്ച് അറിയാനും മതതീവ്രവാദം നടത്താനുമല്ല. കഥകള്‍ കേള്‍ക്കാനും നമ്മുടെ കടമകള്‍ അറിയാനുമാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് അതില്‍ താല്‍പര്യമുണ്ടോ എന്നതില്‍ സംശയമുണ്ട്. അതിനാല്‍ നമ്മുടെ സംസ്‌കാരമാണ് താഴേക്ക് പോകുന്നത്.'' അനുശ്രീ പറയുന്നു.
നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്രയില്‍ ഭാരതാംബയായി എത്തിയ അനുശ്രീ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അനുശ്രീ തന്നെ രംഗത്തെത്തിയിരുന്നു. ചെറുപ്പം മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ല എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.
https://www.facebook.com/Malayalivartha
























