സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത 'മഴയെത്തും മുൻപെ' മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ പരമ്പരയിലെ അഭിനയത്തിന് കൃഷ്ണചന്ദ്രൻ മികച്ച നടനായും ശ്രീധന്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
33-ാമത് ടെലിവിഷൻ അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. 'ഓപ്പണന്റ്' എന്ന പരിപാടിയിലൂടെ അമോസ് ടിജി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച രണ്ടാമത്തെ പരമ്പരയ്ക്കുള്ള പുരസ്കാരം കൗമുദി ടിവിയിലെ 'വസുധ'യ്ക്കാണ്. 'മറിമായം' മികച്ച കോമഡി പ്രോഗ്രാമിനുള്ള (ടിവി ഷോ) പുരസ്കാരം നിലനിർത്തി. മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെ) വിഭാഗത്തിൽ മഹേഷ് കുമാർ എം സംവിധാനം ചെയ്ത 'മൊളഞ്ഞി'യും, 20 മിനിറ്റിൽ കൂടുതൽ വിഭാഗത്തിൽ റിയ ദിനേഷ് സംവിധാനം ചെയ്ത 'എഫ് ഫോർ ഫ്രീഡം' എന്ന ചിത്രവും അർഹമായി.
'ട്രാപ്പ്' ആണ് മികച്ച കുട്ടികളുടെ ഹ്രസ്വചിത്രം. അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് സീരിയലുകൾക്കെതിരെ മന്ത്രി സജി ചെറിയാൻ വിമർശനമുന്നയിച്ചു. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾ പുലർത്തുന്നില്ലെന്നും സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴകിയ പ്രമേയങ്ങളാണ് ഇന്നും സീരിയലുകൾ പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
പല പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുകരണമാണെന്നും ജൂറി നിരീക്ഷിച്ചതായി അദ്ദേഹം കൂട്ടിചേർക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























