ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാര്‍ ജയില്‍ മോചിതനായി. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് പത്മകുമാര്‍ പുറത്തേക്ക് പോയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശില്പ കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹര്‍ജി നല്‍കിയത്. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാര്‍ വൈകുന്നേരത്തോടെയാണ് ജയില്‍ മോചിതനായത്.
കട്ടളപ്പാളിയിലെ സ്വര്‍ണ്ണം അപഹരിച്ച കേസില്‍ നവംബര്‍ 20 നാണ് പത്മകുമാര്‍ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ 2 നാണ് ദ്വാരപാലക കേസില്‍ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്‌സ് ഉള്‍പ്പെടെ തിരുത്തി സ്വര്‍ണ്ണകൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടുനിന്നുവെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍. കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ ആനുകൂല്യം നേടി പുറത്തിറങ്ങുന്ന ആറാമത്തെ പ്രതിയാണ് പത്മകുമാര്‍.
ഒന്നാംപ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റി അടക്കം അഞ്ച് പേര്‍ക്ക് നേരത്തെ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. രണ്ട് പേര്‍ക്കാണ് സാധാരണ ജാമ്യവും ലഭിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍ വാസു,മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
അറസ്റ്റിലാകുമ്പോഴും ജയില്‍മോചിതനാകുമ്പോഴും എ പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണ്. 41ാം ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയെ അതിരൂക്ഷമായ വാക്കുകളിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. എന്നാല്‍ പത്മകുമാറിന് ഇപ്പോഴും നല്‍കുന്ന രാഷ്ട്രീയകവചം, തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ആയുധമാക്കും.
https://www.facebook.com/Malayalivartha

























