ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്

അങ്കമാലിയില്‍ ജസ്‌ലിയ ജോണ്‍സനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടര്‍ അഞ്ചാം ദിവസവും ഒളിവില്‍. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോര്‍ജാണ് ഒളിവില്‍ കഴിയുന്നത്. ഇയാളെ പിടികൂടാന്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റൂറല്‍ എസ്പി കെ.എസ്.സുദര്‍ശന്‍ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കുറ്റകരമായ നരഹത്യക്കും കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. എന്നാല്‍ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം ലഭിക്കുകയും വാഹനം ഓടിച്ചിരുന്നത് ആരാണെന്നു വ്യക്തമായിട്ടും പൊലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്.
കാര്‍ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെല്‍ക്ക് ജംക്ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിന്‍ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്‌ലിയ ജോണ്‍സണ്‍ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു.
അങ്കമാലിയില്‍ പാര്‍ട്‌ടൈമായി ചെയ്യുന്ന ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്‌ലിയയെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കാര്‍ രണ്ടു ദിവസത്തിനു ശേഷം ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നും കണ്ടെത്തി. പിന്നാലെ ഡോ. സിറിയക് ഒളിവില്‍ പോവുകയായിരുന്നു. അപകടമുണ്ടായതിനുശേഷം ഡോ. സിറിയക് താന്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന സ്വകാര്യ മെഡിക്കല്‍ കോളജില്‍ 2 ദിവസം എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ പിടികൂടാന്‍ പൊലീസ് വീഴ്ച വരുത്തി എന്നാണ് ആരോപണം.
ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ജസ്‌ലിയയ്ക്ക് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്‌ലിയയുടെ കരളും വൃക്കകളും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. ഇന്നലെയായിരുന്നു ജസ്‌ലിയയുടെ സംസ്‌കാരം. അതിനു മുന്‍പ് സഹപാഠികളും കോളജിലെ മറ്റുവിദ്യാര്‍ഥികളും അങ്കമാലി പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തി. പിന്നാലെ വിദ്യാര്‍ഥി, യുവജനസംഘടനകളും സ്‌റ്റേഷനില്‍ പ്രതിഷേധം നടത്തി. ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. പൊലീസ് ഇന്നലെ അതിരമ്പുഴയിലെ ഡോ. സിറിയക്കിന്റെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏലപ്പാറയിലും ഇടുക്കിയിലുള്ള ഇവരുടെ ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha






















