ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍. ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചിനു മുമ്പാെക എത്തിയാണ് വിജയന്‍ അസോസിയേറ്റ്‌സ് പൊരുത്തക്കേടുകളെക്കുറിച്ചു വിശദീകരിച്ചത്. സാമ്പത്തിക രേഖകളും ജോയിന്റ് മെഷര്‍മെന്റ് റിപ്പോര്‍ട്ടും തമ്മിലുള്ള പൊരുത്തക്കേടും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓഡിറ്റിങ്ങില്‍ നേരിട്ട പരിമിതികളും തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മേഖലകളും വ്യക്തമാക്കിക്കൊണ്ട് ഒരു 'ക്വാളിഫൈഡ് ഓഡിറ്റ് റിപ്പോര്‍ട്ട്' നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഓഡിറ്റര്‍മാര്‍ വ്യക്തമാക്കി.
വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവായ തുകയുടെ യഥാര്‍ഥ ബില്ലുകള്‍ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്നും ഓഡിറ്റര്‍ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകള്‍ മാത്രമാണു ലഭിച്ചത്. അതിനാല്‍ ബജറ്റിനു മുകളില്‍ ചെലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചില്ലെന്നും ഓഡിറ്റര്‍ വ്യക്തമാക്കി. കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഡിറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്ന് ഓഡിറ്റര്‍ അറിയിച്ചു. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോടതി നിരീക്ഷണങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഓഡിറ്റ് സമയത്ത് കണ്ടെത്താന്‍ കഴിഞ്ഞ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഓഡിറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓഡിറ്റര്‍മാര്‍ ഇനി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























