തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി

സംസ്ഥാനത്തുനിന്നുള്ള ഭൗമസൂചിക ഉല്‍പന്നങ്ങളും തനത് കരകൗശല വസ്തുക്കളും മറ്റും വിപണനം ചെയ്യുന്നതിന് പള്ളിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കുന്ന യൂണിറ്റി മാളിന്റെ നിര്‍മാണപുരോഗതി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിലയിരുത്തി. കിന്‍ഫ്രയുടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കേന്ദ്ര സര്‍ക്കാരിന്റെ കാപ്പക്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിട്ടാണ് മാള്‍ നിര്‍മിക്കുന്നത്. മാളിന്റെ നിര്‍മാണവും തുടര്‍പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതും കിന്‍ഫ്രയാണ്.
അഞ്ചുനിലകളില്‍ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാക്കുന്ന മാളില്‍ വിപണന കേന്ദ്രങ്ങള്‍ക്കൊപ്പം പ്രദര്‍ശന ഇടങ്ങള്‍, ആംഫി തിയേറ്റര്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍ തുടങ്ങിയവയും ഉണ്ടാകും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ടൂറിസം പ്രോല്‍സാഹിപ്പിക്കാനും ഈ മാളിലൂടെ സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ക്കു പുറമേ കാര്‍ഷികോല്‍പന്നങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഇവിടെ ലഭ്യമാക്കും. രാജ്യത്തെ 28 സംസ്ഥാനങ്ങള്‍ക്കും 8 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും ഇവിടെ സ്റ്റാളുകളുണ്ടാകും. മാളിന്റെ 90 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























