രൂപം മാറ്റി, ഓടി രക്ഷപ്പെടാൻ ശ്രമം; ജാസ്‌ലിയെ ഇടിച്ചുതെറിപ്പിച്ച ഡോക്ടറെ വാഗമണ്ണിൽ നിന്ന് പോലീസ് പൊക്കി...

അങ്കമാലിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. മുഖ്യപ്രതിയായ ഡോ. സിറിയക് പി. ജോർജ് ഒടുവിൽ പോലീസിന്റെ പിടിയിലായി. വാഗമണ്ണിലെ കണ്ണംകുളത്തിന് സമീപമുള്ള ഒരു ഹോം സ്റ്റേയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വാഗമൺ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ആളെ തിരിച്ചറിയാതിരിക്കാൻ താടി പൂർണ്ണമായും വടിച്ച് രൂപം മാറ്റിയ നിലയിലായിരുന്നു ഇയാൾ. രഹസ്യവിവരത്തെത്തുടർന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജാസ്‌ലിയയെ സിറിയക് ഓടിച്ച കാർ അതിക്രൂരമായി ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം പരിക്കേറ്റ പെൺകുട്ടിക്ക് വൈദ്യസഹായം നൽകാനോ വാഹനം നിർത്താനോ തയ്യാറാകാതെ ഇയാൾ കടന്നുകളയുകയായിരുന്നു. ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ജാസ്‌ലിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്തുകൊണ്ട് നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്‌ലി മടങ്ങിയത്. സിറിയക് പി. ജോർജിന്റെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















